പാസിന്റെ മറവില്‍ മണ്ണെടുപ്പ് വ്യാപകം
text_fieldsആനക്കര: പാസിന്റെ മറവില്‍ മണ്ണെടുപ്പ് വ്യാപകം. തൃത്താല മേഖലയിലാണ് ജിയോളജി അധികൃതര്‍ നല്കുന്ന പാസിെൻറ മറവില്‍ ഏക്കറുകണക്കിന് സ്ഥലത്ത് ഖനനം. വീട് നിർമാണത്തിെൻറ പേരിൽ കുറഞ്ഞ സ്ഥലത്തെ മണ്ണ് നീക്കാനായാണ് അനുമതി വാങ്ങുന്നത്. തുടര്‍ന്ന് ഏക്കറുകണക്കിന് സ്ഥലത്തെ മണ്ണ് മാന്തി ടിപ്പർ ലോറികളില്‍ കയറ്റി രാത്രിയും പകലുമായി വയലുകള്‍ നികത്താനും മറ്റുമായി കൊണ്ടുപോകുകയാണ്. ആനക്കര, പട്ടിത്തറ, കപ്പൂര്‍ വില്ലേജ് ഓഫിസുകളുടെ പരിധിയിലെ പറക്കുളം, അരീക്കാട്, കല്ലടത്തൂര്‍, ചേക്കോട്, എൻജിനീയര്‍ റോഡ്, മേലേഴിയം ഭാഗങ്ങളില്‍ ഇത്തരത്തില്‍ പാസ് തരപ്പെടുത്തിയുള്ള ഖനനം വ്യാപകമാണ്.
കഴിഞ്ഞദിവസം അരിക്കാട്, പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്ന് മണ്ണുമാന്തി യന്ത്രവും രണ്ട് ടിപ്പർ ലോറിയും റവന്യൂ വകുപ്പ് പിടികൂടിയിരുന്നു. ജില്ലയില്‍നിന്ന് ഒരു ലോഡ് മണ്ണ് അതിര്‍ത്തി കടത്തിയാല്‍ ആയിരങ്ങളാണ് മണ്ണ് മാഫിയകള്‍ക്ക് ലഭിക്കുന്നത്. 1500 രൂപക്ക് ടിപ്പര്‍ ലോറി മണ്ണ് ഈ മേഖലയില്‍ ഇറക്കുമ്പോള്‍ അതിര്‍ത്തി കടന്നുപോയാല്‍ അത് 2500 ആയി മാറുന്നു.
പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന വിവരം അറിയാന്‍ പൊന്നാനി, പട്ടാമ്പി താലൂക്കിലെ മണ്ണ് മാഫിയ സ്വന്തമായി വാട്സ്ആപ് ഗ്രൂപ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് താലൂക്കുകളിലും എവിടെ പരിശോധന ഉണ്ടായാലും അപ്പോള്‍ തന്നെ ശബ്ദ സന്ദേശമായി ഗ്രൂപ്പുകളിലെത്തും. വിവരം നല്‍കുന്നതിന് ഇവര്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നുണ്ട്.