മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രം, കലക്ടറുടെ വാദം പൊളിയുന്നു; ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിൽ
text_fieldsദിവ്യ എസ്. അയ്യർ
പാലക്കാട്: മലമ്പുഴ ഡാമിനോട് ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ. 2022 മുതൽ ആരംഭിച്ച നടപടി അവസാനഘട്ടത്തിലാണെന്ന് ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ലു.എം.പി) പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ ജില്ല കലക്ടർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
പാലക്കാട് താലൂക്കിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ മാന്തുരുത്തിയിൽ ആശുപത്രി മാലിന്യ പ്ലാന്റിനോട് ചേർന്ന് ബ്ലോക്ക് നമ്പർ 30 ൽ ഉൾപ്പെട്ടതും ഏഴോളം പേരുടെ ഉടമസ്ഥതയിലുള്ള ഏകദേശം 27 ഓളം സർവേ നമ്പറുകളിലും ഉൾപ്പെട്ട 13.1722 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുങ്ങുന്നത്. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ' വിലപേശി '( നെഗോഷ്യബ്ൾ പർചേസ്) വാങ്ങാനാണ് നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതിയും ലഭ്യമായിട്ടുണ്ട്.
2025 ഏപ്രിൽ 24ന് മുമ്പ് വില്ലേജ് അധികൃതരുടെയും ഉടമസ്ഥരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സർവേ പൂർത്തിയാക്കിയിരുന്നു. സർവേ സ്കെച്ചും തയാറാക്കി. ഉടമസ്ഥർ ഭൂമി വിൽക്കാൻ സമ്മതം അറിയിച്ചു. വിലപേശി ഭൂമി വാങ്ങൽ നടപടിക്കായി റവന്യുവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശവകുപ്പ് ഭൂമി വാങ്ങാനുള്ള ഉത്തരവും ഇതിനനുസരിച്ച് നൽകി.
പദ്ധതിക്ക് 25 ഏക്കർ ഭൂമി വേണമെന്നും അതിന്റെ പ്രാഥമിക പഠനം ആരംഭിച്ചില്ലെന്നുമാണ് കലക്ടർ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. അതേസമയം പുറത്തുവന്ന രേഖകൾ പ്രകാരം ജില്ല ഭരണകൂടം തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഏറെക്കുറെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്നും പഠനം പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണ്ടിവരുമെന്നും പദ്ധതി അധികൃതർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

