കുതിരാന്‍ രണ്ടാം തുരങ്കം: പ്രവൃത്തി അവസാനഘട്ടത്തില്‍
text_fieldsകുതിരാന്‍: രണ്ടാം തുരങ്കത്തിനകത്തെ പണികള്‍ അവസാനഘട്ടത്തില്‍. തുരങ്കത്തിൽ സ്ഥാപിച്ച നാല് സെറ്റ് വലിയ എക്സ്ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ജനറേറ്റര്‍ ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിച്ചു. വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന പണികളും അവസാന ഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് തീപിടിത്തം ഉണ്ടായാല്‍ അണക്കാനുള്ള സംവിധാനങ്ങളും ഘടിപ്പിച്ചു കഴിഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ഫോണുകൾ സ്ഥാപിക്കൽ നടക്കുന്നുണ്ട്.
നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം തുരങ്കത്തില്‍നിന്ന് രണ്ടാം തുരങ്കത്തിലേക്കുള്ള ഇടനാഴിയില്‍ ഒന്നിന്റെ മുകളില്‍ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ കോണ്‍ക്രീറ്റിങ് നടക്കുകയാണ്. രണ്ടാം തുരങ്കത്തിന്റെ പാലക്കാട് ഭാഗത്തെ കവാടത്തിന് മുകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാൽ സംവിധാനങ്ങളുടെ പണിയും അവസാനഘട്ടത്തിലാണ്. തൃശൂര്‍ ഭാഗത്തെ റോഡിന്റെ നിർമാണമാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്.
പഴയ കുതിരാന്‍ റോഡ് പൊളിച്ചതോടെ ഗതാഗതം പൂർണമായി തുരങ്കത്തിലൂടെയായി. പഴയ റോഡിന്റെ പൊളിച്ച ഭാഗത്തെ മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ തുരങ്കമുഖത്തേക്ക് തള്ളിനില്ക്കുന്ന വലിയ പാറകള്‍ പൊട്ടിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതിനുള്ള കുഴിയെടുക്കൽ പൂര്‍ത്തിയായിട്ടുണ്ട്. പാറ വെള്ളിയാഴ്ച പൊട്ടിക്കാനാണ് തീരുമാനം. ഈ ഭാഗത്ത് റോഡിലേക്ക് തള്ളിനില്ക്കുന്ന രണ്ട് മീറ്റര്‍ വരുന്ന പാറ പൊട്ടിച്ച് വേണം ഇവിടെ റോഡിന് വീതി കൂട്ടാന്‍. റോഡ് പൂർത്തിയാക്കാൻ എകദേശം 400 മീറ്റര്‍ നീളത്തില്‍ മണ്ണും പാറകളും നീക്കണം. കൂടാതെ രണ്ടാം തുരങ്കത്തിലേക്ക് തൃശൂരില്‍നിന്ന് വരുന്ന റോഡില്‍ നിർമിച്ചുകൊണ്ടിരിക്കുന്ന പാതയുടെ നിർമാണവും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് പഴയ റോഡ് അടച്ച് പൊളിക്കൽ നടക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ പാത വരുന്നതോടെ പഴയ റോഡുമായുള്ള ഉയരവ്യത്യാസം കൂടുന്നത് ഈ റോഡ് നിലനിര്‍ത്താനുള്ള സാധ്യത ഇല്ലാതാക്കും.