ആഘോഷമായി കുനിശ്ശേരി കുമ്മാട്ടി: ദേശകൂട്ടായ്മയുടെ ആവേശം മഴയിൽ കുതിർന്നു
text_fieldsകുനിശ്ശേരി കുമ്മാട്ടിയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പുകൾ മഴയെ തുടർന്ന് പന്തലിൽ എത്താതെ നടത്തിയ സംഗമം
ആലത്തൂർ: കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ചെങ്കിലും വൈകുന്നേരത്തെ മഴയിൽ കുതിർന്നു. മഴ കണ്ടതോടെ വെടിക്കെട്ട് ഉൾപ്പെടെ ചടങ്ങുകൾ വേഗത്തിലാക്കി. വെള്ളിയാഴ്ച തുടങ്ങിയ ഉത്സവത്തോടനുബന്ധിച്ചുള്ള കണ്യാർ ശനിയാഴ്ച ഉച്ചയ്ക്ക് സമാപിച്ചു. പാണ-പറയ സമുദായങ്ങളാണ് കണ്യാറിന് നേതൃത്വം നല്കിയത്. ശനിയാഴ്ച പുലർച്ചെ വടക്കേത്തറ ദേശക്കാരുടെ തമ്മിട്ടക്കലം മുഴക്കൽ ചടങ്ങിനു ശേഷം കിഴക്കേത്തറ ദേശത്തിന്റെ പൊട്ടിക്കളിയോടെയാണ് കുമ്മാട്ടിയുടെ ചടങ്ങുകൾ തുടങ്ങിയത്. വടക്കേത്തറ, തെക്കേത്തറ, കിഴക്കേത്തറ ദേശങ്ങളാണ് ആഘോഷത്തിന്ന് നേതൃത്വം നല്കുന്നത്.
ഉച്ചകഴിഞ്ഞ് വടക്കേതറ, തെക്കേതറ, ദേശങ്ങളിൽനിന്ന് ആരംഭിച്ച ആന എഴുന്നള്ളിപ്പുകൾ വൈകുന്നേരം ക്ഷേത്രത്തിന് സമീപം സജ്ജീകരിച്ച പന്തലിൽ കനത്ത മഴ കാരണം നിരക്കാൻ കഴിഞ്ഞില്ല.കിഴക്കേതറ ദേശം പകൽ ആഘോഷത്തിന്റെ വെടിക്കെട്ട് മഴയെ തുടർന്ന് നേരത്തെ നടത്തുകയായിരുന്നു. അതോടെ കുമ്മാട്ടിയുടെ പകൽ ചടങ്ങുകൾ സമാപിച്ചു. അത്താഴ പൂജകൾക്ക് ശേഷം കുമ്മാട്ടിയുടെ ഐതിഹ്യം വിവരിക്കുന്ന വായനയായിരുന്നു രാത്രി ആഘോഷത്തിന്റെ ആദ്യ ചടങ്ങ്. പിന്നീട് കുതിര എഴുന്നള്ളിപ്പ് പുലർച്ചെയോടെ പുറപ്പെട്ട് ക്ഷേത്രാങ്കണത്തിൽ എത്തുന്നു. ഈ സമയം വടക്കേതറ, തെക്കേതറ ദേശങ്ങളുടെ വെടിക്കെട്ടും പൊട്ടിവേല ചടങ്ങും നടക്കുന്നതോടെ ഞായറാഴ്ച രാവിലെ കുമ്മാട്ടി ആഘോഷം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

