കുണ്ടുകണ്ടം പാലം അപ്രോച്ച് റോഡിന് സ്ഥലം കൈമാറ്റം അടുത്ത മാസം ഒന്നിന്
text_fieldsകുണ്ടുകണ്ടം പാലം നിർമിക്കുന്ന സ്ഥലം കെ.ശാന്തകുമാരി
എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
കല്ലടിക്കോട്: കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ കുണ്ടുകണ്ടം പാലത്തിന്റെ അപ്രോച്ച് റോഡിന് 35 വീട്ടുകാരും സ്വമേധയ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. കെ. ശാന്തകുമാരി എം.എൽ.എ വിളിച്ച സ്ഥലം ഉടമകളുടെ യോഗത്തിലാണ് റോഡ് കടന്നുപോകുന്ന പ്രദേശത്തെ വീട്ടുകാർ സ്ഥലം വിട്ടുനൽകുന്ന കാര്യം അറിയിച്ചത്.
ഇതോടെ അരപ്പാറ മേഖലയിൽനിന്ന് കുണ്ടുകണ്ടം വഴി ചിറക്കൽപ്പടിയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ ബൈപാസ് റോഡിന് വഴിതെളിഞ്ഞതായി എം.എൽ.എ പറഞ്ഞു. മുമ്പ് പാലം നിർമാണത്തിന് ഏഴ് കോടി രൂപയാണ് മതിപ്പ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. അപ്രോച്ച് റോഡിന് കൂടി കൂടുതൽ തുക വകയിരുത്തേണ്ടി വരുന്നതോടെ 15 കോടി രൂപയുടെ പദ്ധതിയാവും പ്രാവർത്തികമാക്കുക. അരപ്പാറ-വിയ്യക്കുർശി ജലീൽമുക്ക് വരെ ഒന്നേകാൽ കിലോമീറ്റർ പരിധിയിലെ വീട്ടുകാരാണ് അടുത്ത മാസം ഒന്നിന് സ്ഥലം വിട്ടുനൽകുക.
ഒമ്പത് മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. പാലത്തിൽ രണ്ട് മീറ്റർ വീതിയിൽ നടപ്പാത ഒരുക്കും. ഇതോടെ അഞ്ച് വർഷം മുമ്പ് പ്രളയത്തിൽ തകർന്ന കുണ്ടുകണ്ടം എഴുത്തോംപാറ പാലം നിർമിക്കുന്നതിന് വഴി ഒരുങ്ങി. 2021 ജൂലൈ എട്ടിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തത്.
കിഫ് ബിയിൽനിന്ന് എട്ട് കോടി രൂപ പാലം നിർമിക്കാൻ തുക അനുവദിച്ചിരുന്നു. പാലം അപ്രോച്ച് റോഡിന്റെ പ്രദേശങ്ങൾ എം.എൽ.എയും ഉദ്യോഗസ്ഥരും ത്രിതല ജനപ്രതിനിധികളും സന്ദർശിച്ചു. പ്രാഥമിക ഘട്ടമെന്ന നിലയിൽ സർവേ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

