പാരഡി ഗാനങ്ങളുടെ തിരക്കിൽ കുമരേഷും കുടുംബവും
text_fieldsകുമരേഷും കുടുംബവും
വടവന്നൂർ: തെരഞ്ഞെടുപ്പ് കാലമെത്തിയതോടെ കുമരേഷ് വടവന്നൂരും മക്കളും തിരക്കിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി ഇരുപതിലധികം സ്ഥാനാർഥികൾക്കാണ് കഴിഞ്ഞ ഒരാഴ്ചക്കകം കുമരേഷ് വടവന്നൂരും ഭാര്യ ശുഭ, മക്കളായ കാവ്യ, കാരുണ്യ എന്നിവരും ചേർന്ന് പാരഡി ഗാനങ്ങൾ രചിച്ച് ആലപിക്കുന്നത്. നിരവധി നാടൻപാട്ടുകൾ എഴുതി പാടിവരുന്ന വടവന്നൂരിൽ തുന്നൽ തൊഴിലാളിയായ കുമരേഷ് പത്തിലധികം ഹ്രസ്വചിത്രങ്ങളിലും ഡോക്യുമെൻററികളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാൽ, ആദ്യമായാണ് മക്കളും ഭാര്യയും ഒരുമിച്ച് സ്ഥാനാർഥികളുടെ വിജയത്തിനായി ഗാനം രചിച്ച് ഈണം പകർന്ന് പാടുന്നത്. കരൾ രോഗത്തിന് ചികിത്സ നടത്തിവരുന്ന കുമരേഷിന് തെരഞ്ഞെടുപ്പ് ഗാനങ്ങൾ ആലപിക്കാൻ ലഭിച്ച അവസരം ദൈവം തന്ന അനുഗ്രഹമായാണ് കാണുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. തുന്നൽ വരുമാനം നിലച്ചതിനാൽ ഭാര്യ കൂലിപ്പണിക്ക് പോയാണ് ഉപജീവനം കണ്ടെത്തുന്നത്.
ഒരു സ്ഥാനാർഥിക്ക് മൂന്ന് ഗാനങ്ങളാണ് ആലപിച്ച് റെക്കോഡ് ചെയ്ത് നൽകുന്നത്. മേഖലയിൽ തുടക്കക്കാരനായതിനാൽ പാട്ടെഴുതി ആലപിക്കുന്ന കുമരേഷിനെ അധികമാരും അറിയില്ല. തുന്നൽ ജോലിയിൽ ലോക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ കുമരേഷിെൻറ ജീവിതം ദുരിതത്തിലായതോടെയാണ് തെരഞ്ഞെടുപ്പ് കാലമെത്തിയത്. അങ്ങനെ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തോടെ തെരഞ്ഞെടുപ്പ് പാരഡി ഗാനത്തിലേക്ക് തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

