കുളപ്പുള്ളി-കണയം റോഡിലെ ദുരിതയാത്ര തുടരും
text_fieldsതകർന്ന കണയം റോഡ്
ഷൊർണൂർ: പുതുക്കിപ്പണിയാനുള്ള തുക പാസാക്കിയിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കുളപ്പുള്ളി-കണയം റോഡിലെ ദുരിതയാത്രക്ക് വിരാമമില്ല. നാല് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് തകർന്നിട്ട് പതിറ്റാണ്ട് കഴിഞ്ഞു. നിരവധി സമരങ്ങളുണ്ടായിട്ടും നഗരസഭയിലെ പ്രധാന റോഡിന്റെ ശോച്യാവസ്ഥ ഇതുവരെ മാറ്റാനായിട്ടില്ല.
രണ്ട് വർഷം മുമ്പ് റോഡ് ബി.എം.ബി.സി രീതിയിൽ പുതുക്കിപ്പണിയാൻ നാല് കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനം വന്നു. എന്നാൽ, വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കുന്നതടക്കമുള്ള കാര്യങ്ങൾ നീണ്ടുപോയി. പിന്നീട് ഇത് തയാറാക്കി ഭരണാനുമതിക്കും സാങ്കേതികാനുമതിക്കുമായി തിരുവനന്തപുരത്തേക്കയച്ചു. ഇപ്പോൾ ഇവ രണ്ടും ലഭ്യമായെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ പറഞ്ഞിട്ടുണ്ട്.
ഈ റോഡിന്റെ കിടപ്പ് വശം നോക്കിയാൽ ഇപ്പോഴും പണിയാരംഭിക്കാനാകില്ല. വീതി കൂട്ടി പണിയണമെങ്കിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതൊന്നും ആരംഭിക്കാനായിട്ടില്ല. റോഡിന്റെ കുറച്ച് ഭാഗം പാടത്ത് കൂടിയാണ് കടന്നുപോകുന്നത്.
കലുങ്കുകൾ പുതുക്കിപ്പണിയലും അരിക് ഭിത്തികൾ പുനർനിർമിക്കലും നടത്തേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കാറായതിനാൽ ഈ പണികൾ തുടങ്ങാനാകില്ലെന്ന് വ്യക്തമാണ്. പണിയാരംഭിക്കുന്നത് മുതൽ തീരുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കേണ്ടി വരും. വഴി തിരിച്ചുവിടാൻ പറ്റാത്തതിനാൽ മഴക്കാലത്ത് ഇതും പ്രായോഗികമല്ല. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലേക്കടക്കമുള്ള എളുപ്പവഴിയാണിത്. അതും ജനങ്ങളെ ഏറെ ബാധിക്കും.
റോഡിന്റെ ഉപരിതലം മൊത്തം പൊളിച്ച് പണിയേണ്ട പ്രവൃത്തിയായതിനാൽ പണി തീരാൻ ഏറെക്കാലമെടുക്കും. പണിയാരംഭിക്കാനായാൽ തന്നെ രണ്ട് മഴക്കാലം കൂടി ദുരിതയാത്ര വേണ്ടി വരുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.യാത്രക്ക് ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാത്തതിനാൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. അധിക ചാർജ് നൽകിയാണ് അത്യാവശ്യക്കാർ വാഹനങ്ങൾ സംഘടിപ്പിക്കുന്നത്. വർഷങ്ങളായ തുടരുന്ന ഈ പ്രശ്നം ഗുരുതരമായിട്ടും അധികൃതർ തികഞ്ഞ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

