കിഴങ്ങ് വിള ഉൽപന്നങ്ങളിൽ രുചിവൈവിധ്യം ഒരുക്കാൻ കുടുംബശ്രീ
text_fieldsപാലക്കാട്: തൃത്താല നിയോജകമണ്ഡലത്തിലെ സമുന്നതി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുന്ന അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾക്ക് കിഴങ്ങ് വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിന് കുടുംബശ്രീയും ഐ.സി.എ.ആർ കേന്ദ്ര കിഴങ്ങ് വിള ഗവേഷണകേന്ദ്രവും ചേർന്ന് പരിശീലനവും ഉപകരണങ്ങളും നൽകി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എൻ.ആർ.എൽ.എം) ഭാഗമായി പട്ടികജാതി മേഖലയിൽ കുടുംബശ്രീ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് സമുന്നതി. കേരളത്തിൽ കുഴൽമന്ദം ബ്ലോക്കിലും തൃത്താല നിയോജകമണ്ഡലത്തിലുമാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഐ.സി.എ.ആർ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ എസ്.സി.എസ്.പി പദ്ധതിയുമായി സഹകരിച്ചാണ് തൃത്താലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കാർഷിക സംരംഭമായ പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾക്ക് മരച്ചീനി, മധുരക്കിഴങ്ങ്, ചേമ്പ് എന്നിവയിൽ നിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനം നൽകിയത്.
കിഴങ്ങ് വിളകളിൽനിന്ന് തയാറാക്കുന്ന രുചികരമായ ഉൽപന്നങ്ങൾ ഉടൻ തന്നെ കുടുംബശ്രീ വിപണിയിലെത്തിക്കും. മാത്തൂരിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. പട്ടിത്തറയിലെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാധ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

