കുടുംബശ്രീ ഹാപ്പിനസ് സെന്ററുകൾ ജില്ലയിൽ പ്രവർത്തനം തുടങ്ങി
text_fieldsപാലക്കാട്: കുടുംബശ്രീയുടെ ഹാപ്പിനസ് കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മരുതറോഡ്, ശ്രീകൃഷ്ണപുരം, കാവശ്ശേരി, കൊടുവായൂർ, മേലാർകോട് പഞ്ചായത്തുകളിലാണ് കഴിഞ്ഞദിവസം പദ്ധതിക്ക് തുടക്കം കുറിച്ചത്. വീടുകളെ സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ സി.ഡി.എസുകളിലാണ് നടപ്പാക്കുന്നത്. ഈ സി.ഡി.എസുകളിലെ ഓരോ എ.ഡി.എസുകൾ വീതം തെരഞ്ഞെടുത്ത് ‘ഇടം’ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ. ഓരോ എ.ഡി.എസുകളിലും തെരഞ്ഞെടുത്ത ഒരു വാർഡിലെ അടുത്തടുത്ത് താമസിക്കുന്ന 20 കുടുംബങ്ങളെ വീട്ടുനമ്പറിന്റെ അടിസ്ഥാനത്തിലാണ് ഇടമായി കണക്കാക്കുക. വാർഡുകൾ തെരഞ്ഞെടുത്ത് 20 കുടുംബങ്ങളെ കണ്ടെത്താനുള്ള സർവേ കഴിഞ്ഞദിവസങ്ങളിൽ നടന്നു.
ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങൾ മനസിലാക്കി കുടുംബാന്തരീക്ഷത്തിൽ സന്തോഷ സൂചിക കണ്ടെത്തും. ഓരോ മേഖലയിലെയും വിദഗ്ധർ സർവേയിൽ ഉണ്ടാകും. സന്തോഷത്തിന് തടസമായിട്ടുള്ള കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ നടപടികളും ഉണ്ടാകും. ഇതിനുള്ള മൈക്രോപ്ലാൻ തയാറാക്കുന്നത് ഇടത്തിലൂടെയാണ്. മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുള്ള സഹായം, സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവർക്ക് കുടുംബശ്രീയുടെ വിവിധ ധനസഹായ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണം, കുട്ടികളുടെ പഠനസംബന്ധമായ പ്രശ്നങ്ങൾക്ക് സ്കിൽ ഡെവലപ്മെന്റ് കോഴ്സ് തുടങ്ങിയവ നൽകും. മറ്റു പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. വ്യക്തികളുടെ മാനസിക, ശാരീരിക, ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ, കലാകായിക സാംസ്കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളിൽ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങിയവക്കാണ് പദ്ധതിയിൽ പ്രധാന പരിഗണന നൽകുന്നത്.
സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായാണ് ജില്ലകളിൽ ഹാപ്പിനസ് കേന്ദ്രങ്ങളൊരുക്കുന്നത്. കുടുംബശ്രീക്കൊപ്പം വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ജില്ലയിലെ 13 സി.ഡി.എസുകളിലും ഹാപ്പിനസ് സെന്ററുകളുടെ പ്രവർത്തനം പൂർത്തിയാക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
മുണ്ടൂർ ഒന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അവിടെ മാത്രം മാർച്ച് ആദ്യവാരമായിരിക്കും ഹാപ്പിനസ് കേന്ദ്രത്തിന്റെ പ്രവർത്തനം നടത്തുക. ജനങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്ത് അവധി ദിവസങ്ങളിലാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

