പോക്കറ്റിലൊതുങ്ങുന്ന സവാരി; കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിലൂടെ
text_fieldsപാലക്കാട്: വിനോദയാത്രക്കാർക്കായി ഫെബ്രുവരിയിൽ ജില്ല ഡിപ്പോയിൽനിന്ന് 19 ട്രിപ്പുകൾ ഒരുക്കി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ. നെല്ലിയാമ്പതി, മൂന്നാർ, സൈലന്റ് വാലി, മലക്കപ്പാറ, ഗവി, കൊച്ചി ആഡംബര കപ്പൽയാത്ര, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിട്ടുള്ളത്. രണ്ട്, എട്ട്, ഒമ്പത്, 16, 23, 26 തീയതികളിൽ ഒരുദിവസത്തെ നെല്ലിയാമ്പതി യാത്രയാണ്.
വരയാടുമല, സീതാർകുണ്ട്, കേശവൻപാറ, ഓറഞ്ച് ഫാം, പോത്തുപാറ, പോത്തുണ്ടി ഡാം എന്നിവ സന്ദർശിക്കും. ഏഴ്, 17 തീയതികളിലാണ് മൂന്നാർ യാത്ര. രണ്ടുദിവസത്തെ യാത്രയിൽ ചീയപ്പാറ, വാളാറ വെള്ളച്ചാട്ടങ്ങൾ, ആനയിറങ്ങൽ ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങളിൽ സന്ദർശിക്കും. ഒമ്പത്, 14, 24 തീയതികളിൽ സൈലന്റ് വാലിക്കും ഒമ്പത്, 23 തീയതികളിൽ മലക്കപ്പാറക്കും യാത്രയുണ്ട്. രണ്ടിടത്തേക്കും ഒരു ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. സൈലന്റ് വാലി യാത്രയിൽ വാച്ച് ടവറും കാഞ്ഞിരപ്പുഴ ഡാമും സന്ദർശിക്കും. മലക്കപ്പാറയിൽ ആതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ എന്നിവിടങ്ങളാണ് സന്ദർശിക്കുക. 11, 19 തീയതികളിൽ ഗവിയാത്രയാണ് ഒരുക്കിയിട്ടുള്ളത്. രണ്ടുദിവസത്തെ ഗവി യാത്രയിൽ അഞ്ച് ഡാമുകളും അടവി കുട്ടവഞ്ചി സഫാരി, പരുന്തുംപാറ സന്ദർശനം എന്നിവയുമാണുള്ളത്. ബസ് ടിക്കറ്റ്, എൻട്രൻസ് ഫീ, ഉച്ചഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും.
14, 16 തീയതികളിൽ കൊച്ചിയിലെ ആഡംബര കപ്പൽയാത്രയാണുള്ളത്. ഒരുദിവസയാത്രക്കായി നോൺ എ.സി ഡീലക്സ് ബസാണ് ഒരുക്കിയിട്ടുള്ളത്.
ബസ്യാത്രയും ഷിപ്പിങ്ങും ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടും. 16ന് കോഴിക്കോട്ടേക്കും 23ന് ആലപ്പുഴയിലേക്കുമാണ് യാത്ര. ഒരുദിവസത്തെ യാത്രയിൽ കോഴിക്കോട് കടലുണ്ടി, പഴശ്ശി മ്യൂസിയം, പ്ലാനറ്റോറിയം, ബേപ്പൂർ ബീച്ച് തുടങ്ങിയവയാണ് സന്ദർശിക്കുക. രണ്ട് യാത്രയിലും ബസ് ഫെയർ മാത്രമേ പാക്കേജിലുണ്ടാകൂ.
ഇതിനു പുറമെ മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് 10 യാത്രകളും ചിറ്റൂർ ഡിപ്പോയിൽ നിന്ന് ഒമ്പത് യാത്രകളും വടക്കഞ്ചേരിയിൽ നിന്ന് ആറ് യാത്രകളും ബജറ്റ്ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. മണ്ണാർക്കാട്ടെയും ചിറ്റൂരിലെയും ബസുകൾ പാലക്കാട് വഴിയാണ് യാത്ര നടത്തുക. പാലക്കാട് ഡിപ്പോ: 94478 37985, 83048 59018, മണ്ണാർക്കാട് ഡിപ്പോ: 94463 53081, ചിറ്റൂർ, വടക്കഞ്ചേരി ഡിപ്പോകൾ: 94953 90046
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

