കെ.എസ്.ആർ.ടി.സി: ഇളവുകാലത്തെ വരവെല്ലാം ചെലവായി
text_fieldsപാലക്കാട്: ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിന് പിന്നാലെ ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവിസുകൾ പൂർവസ്ഥിതിയിലേക്ക്. അന്തർസംസ്ഥാന സർവിസുകളൊഴികെയുള്ളവ തിങ്കളാഴ്ച മുതൽ തുടരാനാണ് കെ.എസ്.ആർ.ടി.സി തയാറെടുക്കുന്നത്. പൊതുഗതാഗതം തിരിച്ചുവരവിനൊരുങ്ങുേമ്പാൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയ യാത്രക്കാർ മടങ്ങിയെത്താൻ വൈകുന്നതാണ് കാഴ്ച. പ്രതിസന്ധിയിൽ കിതച്ചുനീങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് വെല്ലുവിളികൾ അനുദിനം വർധിക്കുകയാണ്.
വരവൊക്കെ ചെലവായാൽ
വെള്ളിയാഴ്ച പാലക്കാട് ഡിപ്പോയിൽനിന്ന് മൂന്ന് ബോണ്ട് സർവിസുകൾ ഉൾപ്പെടെ 48ഉം ചിറ്റൂരിൽ നിന്ന് 24, വടക്കഞ്ചേരിയിൽനിന്ന് 20, മണ്ണാർക്കാട്ടുനിന്ന് 17, സർവിസുകളുണ്ടായിരുന്നു. ഇക്കുറി ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്ന ശേഷം കഴിഞ്ഞ തിങ്കൾ മുതൽ വെള്ളി വരെ ശരാശരി 108 സർവിസുകളാണ് കെ.എസ്.ആർ.ടി.സി ദിനംപ്രതി നടത്തിയത്. പാലക്കാട് നിന്ന് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ഗുരുവായൂർ, വാളയാർ, ഗോപാലപുരം, മലമ്പുഴ, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്കായാണ് 48 സർവിസ് നടത്തിയത്. ഇതിൽ കൂടുതലും കോഴിക്കോട് ഭാഗത്തേക്കായിരുന്നു. 17 എണ്ണം. ചിറ്റൂരിൽനിന്ന് കോട്ടയം, മീനാക്ഷിപുരം, തൃശൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കോഴിക്കോട്, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലേക്കായാണ് 24 സർവിസുകൾ നടത്തിയത്. സമ്പൂർണ ലോക്ഡൗണായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സർവിസുകൾ ഉണ്ടായിരിക്കില്ല. കോവിഡ് മാനദണ്ഡ പ്രകാരം യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കാതെയാണ് സർവിസ് നടത്തുന്നത്.
ഇക്കാലയളവിൽ ശരാശരി 25,800 കിലോമീറ്റർ പ്രതിദിനം ഒാടിയെത്താൻ ബസുകൾക്ക് ചെലവായത് 6280 ലിറ്റർ ഡീസലാണ്. ആകെ വരുമാനം 6,46,698 രൂപയായപ്പോൾ ചെലവ് 5,93,460 രൂപ! ആകെ വരുമാനത്തിെൻറ 92 ശതമാനവും ഡീസലിന് ചെലവഴിച്ച് മിച്ചംവരുന്ന എട്ടു ശതമാനത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങളും പരിപാലനച്ചെലവുമൊക്കെ എങ്ങനെ ഒതുക്കുമെന്ന് ചോദിച്ചാൽ ട്രപ്പീസു കളിക്കാരെൻറ മെയ്വഴക്കം വേണമെന്ന് പറയും അധികൃതർ.
അതിർത്തി കടക്കാൻ വൈകും
തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 28 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ കോയമ്പത്തൂർ, പൊള്ളാച്ചി ബസ് സർവിസുകൾ പുനരാരംഭിക്കൽ ഇനിയും വൈകും. വാളയാർ അതിർത്തിവരെ നിലവിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇൗ ബസുകളിൽ എത്തി കാൽനടയായി അതിർത്തി കടന്നാൽ പക്ഷേ, മറ്റ് ഗതാഗത സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ ആളു കുറവാണ്. ബസ് സർവിസുകളില്ലെങ്കിലും ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കർണാടകയിലേക്കും ട്രെയിനുകൾ ഓടിത്തുടങ്ങിയെങ്കിലും ബസ് സർവിസ് മുടങ്ങിക്കിടക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ തീരുമാനം വരുംവരെ കാത്തിരിക്കേണ്ടിവരുമെന്ന് എ.ടി.ഒ ടി.എ. ഉബൈദ് പറഞ്ഞു.
ഇന്ധനവില ഉയരുന്നു, വരൂ പൊതുഗതാഗതത്തിലേക്ക്
േലാക്ഡൗൺ ഇളവുകളിൽ ഇന്ധന വില റോക്കറ്റുപോലെ ഉയരുന്നതിനിടെ കെ.എസ്.ആർ.ടി.സി അടക്കം പൊതുഗതാഗതം യാത്രക്കാരെ വിളിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി പൊതുഗതാഗതം ഉപയോഗിച്ചാൽ കുത്തനെയുയരുന്ന ഇന്ധനവിലയിൽ പിടിച്ചുനിൽക്കാനാവും. ശുചീകരണവും അണുനാശനവും ഉറപ്പുവരുത്തുന്നതോടൊപ്പം മാസ്കടക്കം കോവിഡ് മാനദണ്ഡങ്ങളും ചേർന്നാൽ മറ്റെല്ലാ പൊതുഇടങ്ങളെയും പോലെ ബസുകളും അവശ്യയാത്രകൾക്ക് സുരക്ഷിതമാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

