വാഹന മോഷണം; പ്രതികള്‍ റിമാൻഡില്‍
text_fieldsകൂറ്റനാട്: വാഹനങ്ങള്‍ മോഷ്ടിച്ച് വിറ്റിരുന്ന രണ്ടംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. ചാലിശ്ശേരി സി.ഐ സതീഷ് കുമാറും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഉമ്മര്‍, അബ്ദുൽ ഗഫൂര്‍ എന്നിവരാണ് റിമാൻഡിലായത്. പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഇവർ മോഷണത്തിലേക്ക് മാറിയത്.
രണ്ടുവര്‍ഷം കൊണ്ട് 20ഓളം ബൈക്കുകള്‍, ആറ് ഓട്ടോകള്‍ എന്നിവ മോഷ്ടിച്ച് ആക്രികടകളില്‍ എത്തിച്ച് പൊളിച്ചുവിറ്റു. വഴിയരികില്‍ കാണുന്ന വാഹനങ്ങള്‍ ഗുഡ്സ് വാഹനത്തില്‍ കയറ്റിയും കെട്ടിവലിച്ചും കൊണ്ടുപോയി പട്ടാമ്പി, ഓങ്ങല്ലൂര്‍ പരിസരങ്ങളിലെ പൊളികേന്ദ്രങ്ങളിലെത്തിച്ച് വില്‍ക്കുകയായിരുന്നു.
ചാലിശ്ശേരിയില്‍ ലഭിച്ച വാഹനമോഷണ പരാതിയില്‍ നടത്തിവന്ന അന്വേഷണമാണ് പ്രതികളിലെത്തിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളം, മെഡിക്കല്‍ കോളജ്, ചാവക്കാട്, പേരാമംഗലം, വടക്കാഞ്ചേരി, എരുമപെട്ടി എന്നിവിടങ്ങളിൽ നിന്നെല്ലാം മോഷ്ടിച്ച് പൊളിച്ചുവിറ്റിട്ടുണ്ട്.

