പെരിങ്ങോട് തെരുവുനായ് ആക്രമണം; കുട്ടികള്‍ ഉള്‍പ്പടെ നാലുപേർക്ക് കടിയേറ്റു
text_fieldsപ്രതീകാത്മക ചിത്രം
കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട് തെരുവുനായുടെ ആക്രമണം. എ.കെ.ജി നഗറിൽ കുട്ടികളുൾപ്പെടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. താഴത്തേതിൽ ഷംസുദ്ദീൻ (45), വട്ടേക്കാട്ട് മാധവൻ നായർ (65), ഏർക്കര ഷിഹാബിന്റെ മകൻ മുഹമ്മദ് ഫാദി (ഏട്ട്), താഴത്തെ പുരയ്ക്കൽ രാജേന്ദ്രന്റെ മകൻ ശബരീനാഥ് (13), കരുവാൻപടിക്കൽ രാമനുണ്ണിയുടെയും പെരിങ്ങോട് സ്കൂൾ അധ്യാപിക സന്ധ്യയുടേയും മകന്‍ ആദിദേവ് (13) എന്നിവർക്കാണ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് കുട്ടികൾക്ക് കടിയേറ്റത്.
വട്ടേക്കാട്ട് മണി, ഉഷ എന്നിവരുടെ വളർത്തുമൃഗങ്ങളായ രണ്ട് പശുകൾക്കും കടിയേറ്റു. ആക്രമിച്ച നായക്കായി തെരച്ചിൽ തുടരുകയാണ്. കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂരും പരിസരപ്രദേശങ്ങളിലും നിരവധി പേർക്ക് നായയുടെ കടിയേറ്റിരുന്നു. തൃത്താല പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിലും ഏതാനും ദിവസങ്ങൾക്കു മുമ്പ് നായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു.
തെരുവ് നായ് ശല്യം ഭയന്ന് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണെന്ന് നിയുക്ത വാർഡ് മെമ്പർ അഡ്വ. വി.പി ഫർഹത്ത് പറഞ്ഞു. അധികൃതരുടെ നേതൃത്വത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഫർഹത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

