യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശനാനുമതി
text_fieldsകൂറ്റനാട്: വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ ഹൈകോടതി ഉത്തരവ്. സഭാതർക്കം തുടരുന്ന ചാലിശ്ശേരിയിൽ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് മാതൃദേവാലയത്തിലെ സെമിത്തേരിയിൽ പൂർവികരുടെ കല്ലറകളിൽ എത്തി പ്രാർഥന നടത്താൻ ഹൈകോടതി അനുമതി നൽകി.
ഞായറാഴ്ച സഭ ആചരിക്കുന്ന ആനീദേ ഞായർ ദിനത്തോടനുബന്ധിച്ചാണ് ഉത്തരവ്. മരിച്ചുപോയ പൂർവികരായ വിശ്വാസികളുടെ ഓർമ പുതുക്കുന്ന ദിനമായ ആനീദേ ഞായറാഴ്ച കല്ലറകളിൽ പ്രാർഥിക്കാനുള്ള അനുമതി തേടിയാണ് യാക്കോബായ വിഭാഗം ഹൈകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നാഗരേഷ്, ഞായറാഴ്ച സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർഥന നടത്താനും കല്ലറകൾ വൃത്തിയാക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും അനുമതി നൽകുന്ന വിധി പ്രസ്താവിച്ചു.
യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാനായി ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ല പൊലീസ് മേധാവിയോടും, ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർമാരോടും കോടതി നിർദേശം നൽകി. സഭാതർക്കത്തെ തുടർന്ന് 2020 ഓഗസ്റ്റ് 20ന് യാക്കോബായ വിശ്വാസികളെ പുറത്താക്കി ഓര്‍ത്തഡോസ് വിഭാഗം പള്ളി പിടിച്ചെടുത്തിരുന്നു.
സംസ്ഥാനത്ത് തർക്കം നിലനിൽക്കുന്ന 58 പള്ളികളിലും വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശനത്തിന് തടസ്സമില്ലാത്ത സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ച് വർഷമായി ചാലിശ്ശേരിയിൽ മാത്രം കല്ലറകളിൽ എത്തി പ്രാർഥിക്കാനും സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും കഴിയാതെ വന്നത് ഗുരുതരമായ അവകാശ ലംഘനമാണെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് വിശ്വാസികൾക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

