അധ്വാനം കണ്ണീരാകുന്നു; പാടശേഖരത്ത് മഴ നനഞ്ഞ് 30 ടൺ നെല്ല്
text_fieldsപാടശേഖരത്ത് സൂക്ഷിച്ച നെല്‍ ശേഖരം
കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്ത് 14ാം വാർഡ് തെക്കേക്കര ഹരിത പാടശേഖരത്തിലെ കർഷകരുടെ കഠിനാധ്വാനം മഴയിൽ കുതിരുന്നു. ടോക്കൺ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരണത്തിനായി കൊണ്ടുപോകാത്തതിനെ തുടർന്ന് ഏകദേശം 30 ടൺ നെല്ലാണ് ബുധനാഴ്ച പുലർച്ച പെയ്ത മൂന്നാമത്തെ മഴയിലും നനഞ്ഞ് കുതിര്‍ന്നത്. 500ലധികം ചാക്ക് നെല്ല് പാടത്തുതന്നെ ടാർപായ കൊണ്ട് മൂടിയിട്ട നിലയിലാണ്.
ഓരോ മഴ പെയ്യുമ്പോഴും നെല്ല് ഉണക്കാനും സംരക്ഷിക്കാനുമായി കർഷകർക്ക് ആയിരങ്ങൾ കൂലിയായി ചെലവാക്കേണ്ടിവരുന്നുണ്ട്. മഴ തുടരുമെന്ന ആശങ്കയും സംഭരണത്തിലെ താമസവും കർഷകരെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് നെല്ല് സംഭരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കർഷകർ രംഗത്തെത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം ആശങ്ക ഇരട്ടിയാക്കുന്നു. തുക തന്നില്ലെങ്കിലും നെല്ലെങ്കിലും കൊണ്ടുപോകുമോ എന്ന ആവശ്യമാണ് ഹരിത പാട ശേഖരം പ്രസിഡൻറ് ഇ. മുഹമ്മദ് ഹനീഫ പങ്കുവെച്ചത്.
ആറ് മാസം പാടത്ത് കർഷകർ ചേർന്ന് അധ്വാനിച്ച് വിളയിച്ച മികച്ച നെല്ലാണ് പാടത്ത് തന്നെ കിടക്കുന്നത്. കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും ഇവ പാടത്ത് കിടന്ന് നശിക്കുമോ എന്ന ഭയം ദിവസേന വർധിക്കുകയാണെന്നും കർഷകരായ മുഹമ്മദ് സുലൈമാൻ, മാമ്പുള്ളി കുഞ്ഞുമോൻ എന്നിവർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും ഇരുവരും പാടത്ത് എത്തി കാവൽ ഇരിക്കുകയായിരുന്നു. ഇതിനിടെ പെരുമണ്ണൂരിൽ കഴിഞ്ഞ ദിവസം സമാന സാഹചര്യത്തിൽ നെല്ല് പാടത്ത് കിടക്കുന്നത് വാർത്തയായതിനെ തുടർന്ന് മില്ല് അധികൃതർ പരിശോധനക്ക് എത്തിയിരുന്നു. എന്നിരുന്നാലും സംഭരണം വേഗത്തിലാക്കാനുള്ള നടപടികൾ യാഥാർഥ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

