പരിശോധന സമയം ഡോക്ടറില്ലാതെ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം
text_fieldsചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്ന രോഗികള്‍
കൂറ്റനാട്: രോഗികളെ പരിശോധിക്കേണ്ട സമയത്ത് ഒരു ഡോക്ടർ പോലുമില്ലാതെ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ രാവിലെത്തെ ഒ.പിയും രണ്ട് മുതൽ വൈകീട്ട് ആറ് വരെ വൈകീട്ടത്തെ ഒ.പിയുമുള്ള പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണിത്.
ഇവിടെയാണ് കഴിഞ്ഞദിവസം ഒരു മണിയോടെ എത്തിയ രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കാതെ നിരാശരാവേണ്ടി വന്നത്. ഏറെനേരത്തെ കാത്തിരിപ്പിനൊടുവില്‍ അന്വേഷിച്ചപ്പോൾ ഡോക്ടർമാർ പോയെന്നാണ് രോഗികൾക്ക് കിട്ടിയ മറുപടി.
സാമൂഹികാരോഗ്യ കേന്ദ്രമായ ഇവിടെ എപ്പോഴും ഡോക്ടർമാർ വേണം. വൈകീട്ടത്തെ പരിശോധനക്കുള്ള ഡോക്ടർമാർ എത്തുന്നത് വരെ രാവിലെയുള്ളവർ ഉണ്ടാകേണ്ടതുമാണ്. ഡോക്ടർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കൃത്യവിലോപം രോഗികളെ വലക്കുന്നു. ഉത്തരവാദപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണമെന്നും പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകി.

