നഗരിപ്പുറത്ത് പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചു; യാത്രക്കാർക്ക് പൊടിയഭിഷേകം
text_fieldsപത്തിരിപ്പാല: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സർവിസ് നടത്തുന്ന പ്രധാന പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിച്ച് ചാൽ കീറിയതോടെ വാഹനയാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് കോങ്ങാട് പത്തിരിപ്പാല റോഡ് നഗരിപുറം ബാങ്കിന് സമീപം വെട്ടിപൊളിച്ചത്. പൈപ്പിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇവ നന്നാക്കാൻ നടപടിയെടുത്തില്ല.
താഴ്ചയുള്ള കുഴികളിൽപെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. കൂടാതെ പൊടി കൊണ്ട് വ്യാപാരികളും യാത്രക്കാരും പരിസരവാസികളും ബുദ്ധിമുട്ടിലാണ്. ഒരുമീറ്റർ വീതിയിലായി 10 മീറ്റർ ദൂരം റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപെട്ടതായും എ.ഇ.യുമായി ബന്ധപ്പെട്ട് ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വാമിനാഥൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ പത്തിരിപ്പാല മുതൽ നഗരിപ്പുറംപേട്ട വരെ കുഴിയടച്ച് ടാറിങ് പ്രവൃത്തികൾക്ക് തുടക്കംകുറിക്കുമെന്ന് പൊതുമരാമത്ത് അറിയിച്ചതായും അദ്ദേഹം അറിയിച്ചു.