കൊല്ലങ്കോട്: എലവഞ്ചേരി കൊളുമ്പിൽ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വൈദ്യുതി പോസ്റ്റ് തകർത്തു. ഞായറാഴ്ച പുലർച്ച രണ്ടിന് ജനവാസ മേഖലയിലെത്തിയ കാട്ടാനകളാണ് തെങ്ങ് പിഴുതെടുത്ത് വൈദ്യുതി പോസ്റ്റിലെറിഞ്ഞത്. ത്രീ േഫസ് വൈദ്യുതി പോസ്റ്റ് പകുതി മറിഞ്ഞു.
വൈദ്യുതി ലൈൻ പൊട്ടിവീണത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് നാട്ടുകാരുടെ ഭീതി അകന്നത്. അർധരാത്രി കൊളുമ്പിലെ കൃഷിത്തോട്ടങ്ങളിലെത്തിയ കാട്ടാന സജി സെബാസ്റ്റ്യൻ, സുനിൽ, കരുണാകരൻ, ടി.ഡി. ജോസഫ് എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് പിഴുതും ചവിട്ടിമെതിച്ചും നശിപ്പിച്ചത്.
നാട്ടുകാർ ബഹളംവെച്ചതോടെ പുലർച്ച അഞ്ചരയോടെ കാട്ടനകൾ വനത്തിലേക്ക് മടങ്ങി. രണ്ടു മാസമായി തെന്മലയോര പ്രദേശങ്ങളായ എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ ചേകോൽ, മണ്ണാമ്പള്ളം, കൊളുമ്പ് എന്നിവിടങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി പുലിയും കാട്ടാനകളും വിഹരിക്കുകയാണ്.
വന്യമൃഗങ്ങളുടെ ഭീഷണി തടയാൻ വനം വകുപ്പ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊളുമ്പ്, പന്നിക്കോൽ, ചള്ളക്കാട് തുടങ്ങിയ പ്രദേശങ്ങൾ കാട്ടാനകൾ വനം വകുപ്പിെൻറ വൈദ്യുതിവേലി തകർത്താണ് ജനവാസ മേഖലയിൽ എത്തുന്നത്.
പുലി ഭീതിയുള്ള ചേകോൽ പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിവേലി തകർത്താണ് കാട്ടാനകൾ എത്തുന്നത്. കാട്ടാനകളെ വനാന്തരത്തിലേക്ക് എത്തിക്കാൻ നടപടി ആരംഭിച്ചതായി കൊല്ലേങ്കാട് റേഞ്ച് ഓഫിസർ ഷെറീഫ് പറഞ്ഞു.