ഊട്ടറ പാലം ബാരിയർ തകർന്നു; ബസ് ഗതാഗതം വഴിതിരിച്ചുവിട്ടു
text_fieldsഊട്ടറ പാലത്തിന്റെ ബാരിയർ ലോറിയിടിച്ച് തകർന്ന നിലയിൽ
കൊല്ലങ്കോട്: ഊട്ടറ പാലത്തിന്റെ ബാരിയർ ലോറിയിടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെയാണ് പുതുനഗരം ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വന്ന ചരക്ക് ലോറിയിടിച്ച് തകർത്തത്. ഇരുമ്പ് ബാരിയർ വളഞ്ഞതിനാൽ ബസ് ഗതാഗതം ആലമ്പള്ളം വഴി തിരിച്ചുവിട്ടു.
ചെറുവാഹനങ്ങൾ മാത്രമാണ് പാലം വഴി സർവിസ് നടത്തുന്നത്. ഒരു മാസത്തോളമായി ബാരിയർ ഇല്ലാതിരുന്ന ഊട്ടറ പാലത്തിൽ തിങ്കളാഴ്ച ഉച്ചക്കുശേഷമാണിത് പുനഃസ്ഥാപിച്ചത്. ഇതിനകം ഏഴിലധികം തവണ മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ബാരിയർ വാഹനം ഇടിച്ച് തകർന്നിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബാരിയർ ഒരു ഭാഗം വേർപെടുകയും വളയുകയും ചെയ്തതോടെ ബസ് ഗതാഗതം നിലച്ചു. മൂന്ന് മീറ്ററിനു മുകളിൽ ഉയരമുള്ള പാലത്തിനു മുന്നിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച ബാരിയറിൽ ഏപ്രിലിൽ മാത്രം ആറ് ലോറികളാണ് ഇടിച്ചത്.

