കൊല്ലങ്കോട്: ഓണം ഓഫറുകളിൽ പഴയ ടെലിവിഷൻ എക്സ്ചേഞ്ചിന് നൽകാതെ നിർധനരായ വിദ്യാർഥികൾക്ക് നൽകണമെന്ന കൊല്ലങ്കോട് ബി.ആർ.സിയുടെ സന്ദേശം വൈറലായി.
ഓണക്കാലമായതോടെ പുതിയ ടെലിവിഷൻ വാങ്ങാൻ പഴയ ടി.വി മാറ്റി നൽകുന്നവർ ടെലിവിഷൻ ഇല്ലാതെ പ്രയാസപ്പെടുന്ന ജില്ലയിലെ 5000ത്തിലധികം കുരുന്നുകളുടെ വീടുകളിൽ എത്തിച്ചാൽ ഗുണകരമാകുമെന്ന ആശയമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ബ്ലോക്ക് റിസോഴ്സ് കോ ഓഡിനേറ്ററായ ബി. പത്മകുമാറിെൻറ അഭ്യർഥനയാണ് നിരവധി പേർ പങ്കുവച്ചത്.
പുതിയ ടെലിവിഷൻ വാങ്ങാൻ തീരുമാനിച്ച ജില്ലക്കാരോടുള്ള അഭ്യർഥന നിരവധി കുരുന്നുകളുടെ പഠനത്തിന് വെളിച്ചമേകുമെന്ന വിശ്വാസമുണ്ടെന്ന് പത്മകുമാർ പറഞ്ഞു.
തുച്ഛമായ കൈമാറ്റ വിലയ്ക്ക് കമ്പനികൾക്ക് തിരിച്ചുകൊടുക്കുന്നതിന് പകരം ഞങ്ങളെ അറിയിച്ചാൽ സ്വന്തമായി ടി.വിയില്ലാത്തവരുടെ വിവരങ്ങൾ കൈമാറാമെന്നും നേരിലെത്തി സഹായം ചെയ്യാമെന്നും പത്മകുമാർ പറഞ്ഞു.
വിദ്യാലയം തുറക്കുന്നത് അനിശ്ചിതത്വത്തിലായതിനാൽ ഓൺലൈൻ ക്ലാസുകൾ നീണ്ടുപോവുന്ന സാഹചര്യത്തിൽ പൊതുപഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് പഴയ ടെലിവിഷനാണെങ്കിലും ഞങ്ങൾ എത്തിച്ചുകൊടുത്തോളാം എന്ന് അറിയിച്ച് ചില അധ്യാപകരും രംഗത്തുവന്നിട്ടുണ്ട്.
ടെലിവിഷൻ നൽകിയവരുടെയും സ്വീകരിച്ചവരുടേയും ലിസ്റ്റ് തയാറാക്കി ബി.ആർ.സികളിൽ സൂക്ഷിക്കുമെന്നും പരസ്യപ്പെടുത്തില്ലെന്നും കൊല്ലങ്കോട് ബി.ആർ.സിയുടെ സന്ദേശത്തിലുണ്ട്.