കൊല്ലങ്കോട്: കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പല്ലശ്ശന തോട്ടങ്കുളമ്പ് ഏറാട്ട് വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ മകൻ കണ്ണൻകുട്ടിയാണ് (56) തിങ്കളാഴ്ച പുലർച്ച വീടിന് സമീപം തൂങ്ങിമരിച്ചത്. േബ്ലഡ് പലിശക്കാരിൽനിന്നും സ്വകാര്യധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു.
കടബാധ്യതയെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് നെന്മാറ സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ് പറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായ കണ്ണൻകുട്ടി അസ്വസ്ഥനായിരുന്നു.
തിങ്കളാഴ്ച പുലർച്ച നായ തുടർച്ചയായി കുരക്കുന്ന കേട്ട് പുറത്തുവന്ന വീട്ടുകാരാണ് കണ്ണൻകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു. പൊലീസ് കേസെടുത്തു. ഗീതയാണ് ഭാര്യ. മക്കൾ: സുനിൽ, വർഷ.