കൊല്ലങ്കോട്: ഗായത്രിപ്പുഴ പാലം അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് നാട്ടുകാർ. പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിജസ് വിഭാഗം ഉദ്യോഗസ്ഥർ വിളിച്ചു ചേർത്ത യോഗത്തിലാണ് റെയിൽവേ ഓവർ ബ്രിഡ്ജിെൻറ സർവേ നടത്തി തയാറാക്കിയ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചത്.
അലൈൻമെന്റിൽ ഭേദഗതി വരുത്തണമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കണമെന്നും ഉദ്യോഗസ്ഥ ചർച്ചയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊട്ടറ റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി. ഗായത്രിപ്പുഴ പാലത്തിനും റെയിൽവേ മേൽപാലത്തിനുമായി കിഫ്ബിയിൽനിന്ന് 20 കോടി രൂപ നേരേത്ത അനുവദിച്ചിരുന്നു. കിറ്റ്കോയുടെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി രൂപരേഖ പ്രകാരം നിർദിഷ്ട പദ്ധതി പ്രദേശത്ത് സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. റെയിൽവേ മേൽപാലത്തിന് 447.371 മീറ്റർ നീളവും 10.20 മീറ്റർ വീതിയുമാണ്. ഗായത്രിപ്പുഴ പാലം 190.587 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലുമാണ് നിർമിക്കുക. ഇതിനൊപ്പം മേൽപാലത്തിെൻറ ഒരു വശത്തും പുഴപ്പാലത്തിന് ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, ജില്ല പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം െഡപ്യൂട്ടി കലക്ടർ പി. രാജൻ, െഡപ്യൂട്ടി തഹസിൽദാർ എം.വി. മാത്യു, എൻജിനീയർ ഇ.എ. ആഷിദ്, കിഫ്ബിയുടെ സ്ഥലം ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ എം.എസ്. വിജുകുമാർ, സർവേയർ മുഹമ്മദ് റാഫി, റവന്യൂ ഇൻസ്പെക്ടർ ശിവപ്രകാശ് എന്നിവർ സംസാരിച്ചു.