കൊല്ലങ്കോട്: പുലിയെ കണ്ടതായി പറയുന്ന പ്രദേശത്ത് വനംവകുപ്പ് വീണ്ടും കാമറ സ്ഥാപിച്ചു. നെന്മേനിക്കടുത്ത കണ്ണൻകൊളുമ്പിലും കൊങ്ങൻചാത്തിയിലുമാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. തെരുവുനായ്ക്കളെ പിന്തുടരുന്ന പുലിയെ ജനവാസ മേഖലയിൽ കണ്ടിരുന്നത്രെ. വ്യാഴാഴ്ച കണ്ണൻകൊളുമ്പ് സ്വദേശിയുടെ പുരയിടത്തിൽ കണ്ടതായും വിവരമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചായക്കടയിലേക്ക് പോകുന്നതിനിടെ പുലിയെ കണ്ടതായും നാട്ടുകാരിൽ ചിലർ അറിയിച്ചിരുന്നു.
ഒരുമാസം മുമ്പ് മരുതിപ്പാറ, ചേകോൽ പ്രദേശങ്ങളിലും കമ്പൻകോട്ടിലും പുലി ആടുകളെയും വളർത്തുനായ്ക്കളെയും കൊന്നതിനെ തുടർന്ന് നാല് കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ദൃശ്യം പതിയാതായതോടെ വനംവകുപ്പ് കാമറകൾ മാറ്റിയിരുന്നു. കണ്ണൻ കൊളുമ്പിൽ കാമറക്കൊപ്പം കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.