പ്രതിഷേധം ഫലംകണ്ടു; ലൈഫ് പട്ടികയിൽ പുറത്തായവർ അകത്ത്
text_fieldsമുച്ചങ്കുണ്ട് പന്തപ്പാറയിലെ വീടിന് മുന്നിൽ രാജു
കൊല്ലങ്കോട്: ലൈഫ് ഭവനപദ്ധതിയിൽ അർഹതയുണ്ടായിട്ടും പട്ടികയിൽ ഇടം നേടാനാവാത്തതിനെ തുടർന്ന് പഞ്ചായത്തംഗത്തിന്റെ സമരത്തിൽ രാജുവിന് നീതി. മൂച്ചങ്കുണ്ട് പന്തപാറ സ്വദേശി രാജുവിന് ഉറപ്പുള്ള വീട് ഉണ്ടെന്നും പദ്ധതിയിൽനിന്നും പുറത്താക്കണമെന്നുള്ള വ്യാജ പരാതിയുടെ പേരിൽ അന്തിമ പട്ടികയിൽ നിന്നും പുറത്താക്കിയിരുന്നു. അർഹരായവരെ പുറത്താക്കിയതിനെതിരെ പഞ്ചായത്ത് അംഗം കൽപനാ ദേവിയും പള്ളം വാർഡ് അംഗം താജുദ്ദീനും പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
തുടർന്നാണ് രാജുവടക്കമുള്ളവരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്. രാജുവിന്റെ വീട് ഏതുസമയത്തും തകർന്നുവീഴാറായ നിലയിൽ 16 മരത്തൂണുകളുടെ സഹായത്തിലാണ് നിൽക്കുന്നത്. രാജു, കതിരേശൻ, ചിന്നമണി, സേവിയമ്മ എന്നിവരെയാണ് പഞ്ചായത്തിന്റെ രണ്ടാമതായുള്ള അന്വേഷണത്തിൽ മൂച്ചങ്കുണ്ട് വർഡിൽനിന്നും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. മുതലമട പഞ്ചായത്തിൽ മാത്രം 1818 ഭൂരഹിത ഭവന രഹിതരാണ് ലൈഫ് പദ്ധതിയിൽ അന്തിമ ലിസ്റ്റിലുള്ളതെന്ന് വി.പി. നിജാമുദ്ദീൻ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. കൂടാതെ വ്യാജപേരുകളിൽ അർഹരായവരെ അനർഹരാണെന്ന് വ്യാജ പരാതി നൽകിയതും വിവരാവകാശ മറുപടിയിൽ കണ്ടെത്തിയിരുന്നു. കാൻസർ, മറ്റു മാരകരോഗങ്ങൾ, വികലാംഗർ, വിധവകൾ, ജീർണിച്ച വീടുകൾ എന്നിവ ഉള്ളവരെ ആദ്യമായി പരിഗണിക്കേണ്ട ലൈഫ് പദ്ധതിയെ അനർഹരെ തള്ളിക്കയറ്റി ലിസ്റ്റിൽ ക്രമക്കേട് ഉണ്ടായതിനാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ലൈഫ് ഭവന പദ്ധതിയിലെ അന്തിമ ലിസ്റ്റ് വിജിലൻസ് അന്വേഷിക്കണമെന്നാണ് ഭൂരഹിതരായ മറ്റു വാർഡുകളിലുള്ളവരുടെ ആവശ്യം.