ആഫ്രിക്കൻ പന്നിപ്പനി; അതിർത്തി പരിശോധന പ്രഹസനം
text_fieldsമുതലമടയിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകളിലൊന്ന്
കൊല്ലങ്കോട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മേഖലയിൽ അനധികൃത ഫാമുകൾ വ്യാപകമാകുമ്പോഴും കണ്ണടച്ച് അധികൃതർ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലായി ഇരുപത്തിരണ്ടിലധികം അനധികൃത പന്നിഫാമുകളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ പ്രവർത്തനാനുമതി വേണമെന്നിരിക്കെ രാഷ്ട്രീയ സ്വാധീനത്തിലാണ് മിക്ക ഫാമുകളും പ്രവർത്തിക്കുന്നത്.
ഫാമുകളിൽനിന്നും ദുർഗന്ധത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഹോട്ടൽ മാലിന്യം ശേഖരിച്ച് പന്നികൾക്ക് ഭക്ഷണമായി വിതരണം ചെയ്യുന്ന ഫാമുടമകൾ അവശിഷ്ടങ്ങൾ സംസ്കരിക്കാതെ ഒഴുക്കിവിടുന്നതും കുഴിയെടുത്ത് അശാസ്ത്രീയമായി തള്ളുന്നതും പരിസരവാസികൾക്ക് ദുരിതമായി. രണ്ട് വർഷംമുമ്പ് മുതലമട മുച്ചങ്കുണ്ട് അണ്ണാനഗറിൽ പന്നിഫാമിൽ നിന്നുള്ള മാലിന്യം ശുദ്ധജല സ്രോതസ്സിലേക്ക് ഒഴുക്കിയതിനെതിരെ നാട്ടുകാർ പ്രത്യക്ഷസമരം നടത്തിയിരുന്നു. തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരും എത്തി ഫാം അടച്ചുപൂട്ടി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാം ഉൾപ്പെടെ ഒമ്പത് അനധികൃത പന്നി ഫാമുകളാണ് മുതലമടയിൽ പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞദിവസം മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് സ്റ്റോപ്പ് നോട്ടീസ് നൽകുമെന്ന് സെക്രട്ടറി രാധാ സുരേഷ് പറഞ്ഞു. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ അനധികൃത ഫാമുകൾക്കെതിരെ നടപടി വേണമെന്നും പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.