വൈദ്യുതി ലൈൻ താഴ്ന്നുതന്നെ; നടപടി കടലാസിൽ
text_fieldsകൊല്ലങ്കോട് വേലംപൊറ്റയിൽ പാഴ്െചടികൾ പടർന്ന വൈദ്യുതി തൂൺ, കൊല്ലങ്കോട് തെലുങ്ക്തറയിൽ സെന്റ് ജോസഫ് സ്കൂളിന്
സമീപം താഴ്ന്ന നിലയിലുള്ള വൈദ്യുതി ലൈൻ
കൊല്ലങ്കോട്: പഞ്ചായത്തിലെ പ്രധാന റോഡുകളിലും ഇടവഴികളിലും വൈദ്യുതി ലൈൻ താഴ്ന്നു തന്നെയാണ്. നാട്ടുകാർ നൽകുന്ന പരാതികളിൽ നടപടി കടലാസിലൊതുങ്ങുകയാണ്. ശരാശരി വൈദ്യുതി ലൈൻ 5.36 മീറ്റർ ഉയരത്തിലാണ് സ്ഥാപിക്കേണ്ടത്. എന്നാൽ കൊല്ലങ്കോട്, മുതലമട, കൊടുവയൂർ, പുതുനഗരം കെ.എസ്.ഇ.ബി സെക്ഷൻ പരിധികളിൽ മൂന്നു മീറ്ററിലും താഴ്ന്ന് വൈദ്യുത ലൈൻ സ്ഥാപിച്ച പ്രദേശങ്ങളുണ്ട്. കൂടുതൽ താഴ്ന്നു കിടക്കുന്ന വൈദ്യുത ലൈനുകൾ വാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും ഭീഷണിയാണ്.
കൊല്ലങ്കോട് മേഖലയിൽ തെലുങ്ക്തറ പാവടി, വേലപൊറ്റ, വെള്ളനാറ, ചീരണി, നെന്മേനി, പയ്യല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുത ലൈനുകൾ താഴ്ന്നു പോകുന്ന സ്ഥലങ്ങളുണ്ട്. നാട്ടുകാർ പരാതി നൽകാറുണ്ടെങ്കിലും നടപടികൾ ഉണ്ടാവാറില്ലെന്ന് പറയുന്നു. പ്രധാന റോഡിന് വശങ്ങളിൽ കൃത്യമായി വൈദ്യുതി ലൈനുകൾ പരിപാലിക്കാറുണ്ടെങ്കിലും ഇടവഴികളിലും പഞ്ചായത്ത് റോഡിലുമാണ് അധികൃതരുടെ അനാസ്ഥ തുടരുന്നത്. മുതലമട മേഖലയിൽ അണ്ണാനഗർ, ചെമ്മണാമ്പതി, നീലി പാറ, മൊണ്ടി പതി, കോട്ടപ്പള്ളം, കുറ്റിപ്പാടം പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ താഴ്ന്നു കിടക്കുന്നുണ്ട്.
എലവഞ്ചേരി മേഖലയിൽ വളവടി, കൊളുമ്പ്, ഒറ്റപ്പന, പനങ്ങാട്ടിരി, എലവഞ്ചേരി പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ താഴ്ന്നും തൂണുകൾ ചരിഞ്ഞും നിൽക്കുന്നുണ്ട്. കൊടുവായൂർ മേഖലയിൽ കാക്കയൂർ നവക്കോട് പിട്ടുപീടിക, ചോറക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ലൈൻ താഴ്ന്നാണ് കിടക്കുന്നത്. പുതുനഗരം പ്രദേശങ്ങളിൽ കെട്ടിടങ്ങളോട് ചേർന്നുകിടക്കുന്ന ലൈനുകൾ കൂടുതലാണ്.
കൊടുവായൂർ ടൗണിലും കൊല്ലങ്കോട് ടൗണിലും കെട്ടിടങ്ങൾക്ക് സമീപത്തുകൂടെയുള്ള ഇൻസുലേറ്റർ ഇല്ലാത്ത വൈദ്യുത ലൈനുകൾ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി തൂണുകൾക്കൊപ്പം സ്ഥാപിച്ച കേബിൾ ശൃംഖലകളും താഴ്ന്നു കിടക്കുന്നുണ്ട്.
വടവന്നൂർ പ്രദേശത്ത് കേബിൾ ലൈനുകളും വൈദ്യുതി ലൈനുകളും താഴ്ന്നു കിടക്കുന്നതിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. വൈദ്യുതി ലൈനുകളിൽ പാഴ്ചെടികൾ വളർന്ന് പടരുകയാണ്. കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിൽ മഴക്കാലത്ത് ഇടക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് വർധിച്ചിട്ടുണ്ട്. പാഴ്ചെടികൾ നീക്കുന്നത് കാര്യക്ഷമമാകാത്തതാണ് വൈദ്യുതി വിതരണം പോലും തടസ്സമാകുന്ന രീതിയിൽ വളരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

