കൊല്ലങ്കോട് ഐ.സി.ഡി.എസിലെ അഴിമതി; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ നീക്കം
text_fieldsപാലക്കാട്: കൊല്ലങ്കോട് ഐ.സി.ഡി.എസിന് കീഴിലുള്ള അംഗൻവാടികളിൽ ‘സക്ഷം’ പദ്ധതി പ്രകാരം വാങ്ങിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ നീക്കം. ജെം പോർട്ടൽ വഴി വാങ്ങിയ സാധനങ്ങൾ തിരിച്ചെടുക്കാനും തുക സർക്കാരിലേക്ക് തിരിച്ചടക്കാനും സ്ഥാപനങ്ങൾ തയാറാണെന്ന് കൊല്ലങ്കോട് ഐ.സി.ഡി.എസ് മുൻ സി.ഡി.പി.ഒ (ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫിസർ) സൂപ്പർവൈസർമാർക്ക് നൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നു.
സക്ഷം പദ്ധതിയിൽ കൊല്ലങ്കോട് ഐ.സി.ഡി.എസിൽ നടന്ന 50 ലക്ഷം രൂപയുടെ അഴിമതി ‘മാധ്യമം’ വാർത്തയാക്കിയതിന് പിന്നാലെയാണ് തിടുക്കത്തിലുള്ള നടപടി. സാധനങ്ങൾ തിരിച്ചെടുക്കാനുള്ളതിനാൽ അവ നശിപ്പിക്കരുതെന്നും ടി.വി, വാട്ടർ പ്യൂരിഫയർ എന്നിവ സ്ഥാപിക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ജെം പോർട്ടൽ മുഖേനയാണ് വൻ തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. ടെൻഡർ വിളിച്ചതിലും തട്ടിപ്പുണ്ട്. കൊല്ലങ്കോട് ഐ.സി.ഡി.എസിൽ കഴിഞ്ഞ സാമ്പത്തിക വർഷം നടന്ന മുഴുവൻ ടെൻഡറുകളും സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം. താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ഓർഡറുകൾ ലഭിക്കാൻ ജെം പോർട്ടൽ മുഖേനയും ഇ-ടെൻഡർ വിളിക്കാതെ വേർതിരിച്ച് പല ടെൻഡർ, ക്വട്ടേഷനാക്കിയാണ് നടത്തിയത്.
ജെം പോർട്ടൽ വഴി 10 ലക്ഷം വരെ വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ടെൻഡർ ഒഴിവാക്കാമെന്ന ആനുകൂല്യത്തിന്റെ മറവിലായിരുന്നു ക്രമക്കേട്. 142 അംഗൻവാടികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ നൽകിയ 1.42 കോടി രൂപയിലാണ് തട്ടിപ്പ് നടന്നത്. ആരോപണങ്ങൾ ഉയർന്നതിനെതുടർന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം അഞ്ചംഗ കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. സൂപ്പർവൈസർമാർക്ക് ശബ്ദസന്ദേശം നൽകിയ കൊല്ലങ്കോട് ഐ.സി.ഡി.എസിലെ മുൻ സി.ഡി.പി.ഒ നിലവിൽ വയനാട് പ്രോഗ്രാം ഓഫിസറാണ്.
ക്രമക്കേട് നടന്ന് ഏഴ് മാസമായിട്ടും വകുപ്പുതലത്തിൽ ഒരു അന്വേഷണവും നടന്നിരുന്നില്ല. സാധനങ്ങൾ വാങ്ങിയ ഇടപാടുകളെല്ലാം സുതാര്യമായിരുന്നെന്നായിരുന്നു അധികൃതരുടെ നിലപാട്. നിലവിൽ വകുപ്പ് തലത്തിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഓഡിറ്റിനൊപ്പം ജെം പോർട്ടലിലെ ഇടപാടുകൾ കൂടി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് പ്രോഗ്രാം ഓഫിസർ നിർദേശം നൽകിയിരിക്കുന്നത്. തട്ടിപ്പ് തെളിഞ്ഞാൽ ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടേണ്ടി വരും. ജെം പോർട്ടലിലെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

