കൊടുവായൂർ പച്ചക്കറി മാർക്കറ്റ് നവീകരണം അനിശ്ചിതത്വത്തിൽ
text_fieldsതകർന്ന് ഉപയോഗശൂന്യമായ കൊടുവായൂർ പഞ്ചായത്ത്
മാർക്കറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗം
കൊടുവായൂർ: മാർക്കറ്റ് നവീകരണ നടപടികൾ എങ്ങുമെത്തിയില്ല. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യം ശക്തം.
ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണിത്. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ജീർണാവസ്ഥയിലാണ് നിലവിൽ മാർക്കറ്റിലെ കെട്ടിടങ്ങളുള്ളത്. ഇവ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള പദ്ധതികൾ ഉണ്ടായെങ്കിലും അനിശ്ചിതമായി നീളുകയാണ്.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, കൊടുവായൂർ ഗ്രാമപഞ്ചായത്ത് എന്നിവ വ്യത്യസ്ത മാർക്കറ്റ് നവീകരണ പദ്ധതികൾ തയാറാക്കിയെങ്കിലും ഏതിന്റെയും പ്രവർത്തനങ്ങൾ കരാറിലേക്ക് എത്തിയില്ല. മാർക്കറ്റ് നവീകരണ ഭാഗമായി കഴിഞ്ഞ വർഷം കൊടുവായൂർ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രാഥമിക പരിശോധന ആരംഭിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിലധികം കാലപ്പഴക്കമുള്ള കൊടുവായൂർ മർക്കറ്റിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്നുനില ഷോപ്പിങ് കോംപ്ലക്സും താഴെ പാർക്കിങ്ങിനുള്ള സംവിധാനവുമാണ് കണ്ടെത്തുന്നത്.
36 ഷോപ്പുകളും ആഴ്ച ചന്തയും പ്രവർത്തിച്ചിരുന്ന മാർക്കറ്റിലെ കെട്ടിടങ്ങൾ ജീർണിച്ചതോടെ 10-12 കടമുറികളാണ് നിലവിൽ പ്രവർത്തിക്കുന്നത്. സർക്കാർ ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് മാർക്കറ്റ് നവീകരണ പദ്ധതി നടപ്പാക്കാൻ കൊടുവായൂർ പഞ്ചായത്ത് തയാറെടുക്കുന്നത്. എന്നാൽ പദ്ധതി ആസൂത്രണവും പരിശോധനകളും നടക്കുന്നതല്ലാതെ നവീകരണം പിറകോട്ടടിക്കുകയാണ്.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും സമാന നിലയിൽ മൂന്നു കോടി രൂപ ചെലവിൽ മാർക്കറ്റ് നവീകരണത്തിനുള്ള പ്രാഥമിക പരിശോധന നടത്തിയിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നടപ്പായില്ലെങ്കിൽ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കാനാണ് സർവേയും മറ്റും നടക്കുന്നതെന്ന് കൊടുവായൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു.
ജീർണാവസ്ഥയിലുള്ള മാർക്കറ്റ് നവീകരണം ഉറപ്പായും നടപ്പാക്കണമെന്നും ഇത് ദീർഘകാലത്തെ ആവശ്യമാണെന്നും പച്ചക്കറി വ്യാപാരികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

