കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ പൂട്ടി; ഇന്ന് സർവകക്ഷി യോഗം
text_fieldsപട്ടാമ്പി: അര നൂറ്റാണ്ട് പഴക്കമുള്ള കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ പൂട്ടി. മുതുതല, പരുതൂർ പഞ്ചായത്തുകളിലെ യാത്രക്കാരുടെ ആശ്രയമാണ് ഇല്ലാതായത്. വരുമാനമില്ലെന്നതാണ് സ്റ്റേഷൻ അടക്കാനുള്ള കാരണമായി റെയിൽവേ അധികൃതർ പറയുന്നത്. ടിക്കറ്റ് നൽകാൻ കരാറെടുക്കുന്ന ഹാൾട്ട് ഏജന്റുമാർ സ്റ്റേഷൻ ഏറ്റെടുക്കാത്തതാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം.
കോവിഡ്കാലം പിന്നിട്ടപ്പോൾ വണ്ടികൾ ഓട്ടം പുനഃസ്ഥാപിച്ചെങ്കിലും കൊടുമുണ്ടയിൽ സ്റ്റോപ് അനുവദിച്ചില്ല. പാസഞ്ചറുകൾ എക്സ്പ്രസുകളായി മാറ്റിയതോടെ ചെറിയ സ്റ്റേഷനുകളുടെ സ്റ്റോപ് എടുത്തുകളയുകയായിരുന്നു. തൃശൂർ-കണ്ണൂർ, ഷൊർണൂർ-കോഴിക്കോട് , തൃശൂർ-കോഴിക്കോട് പാസഞ്ചറുകൾക്ക് കൊടുമുണ്ടയിൽ സ്റ്റോപ്പുണ്ടായിരുന്നു.
കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കൊടുമുണ്ട സ്റ്റേഷനിൽനിന്ന് വണ്ടി കയറിയിരുന്നു. ദിവസേന ആറുതവണ സ്റ്റേഷനിൽ വണ്ടികൾ നിർത്തിയിരുന്നു. രാവിലെയുള്ള തൃശൂർ-കണ്ണൂർ പാസഞ്ചറിൽ കോഴിക്കോട്ടേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർ കൊടുമുണ്ടയിൽനിന്നാണ് കയറിയിരുന്നത്.
മുതുതലയടക്കം പഞ്ചായത്തിലുള്ളവർക്ക് ഇനി പട്ടാമ്പിയിലോ പള്ളിപ്പുറത്തോ പോയി വേണം ട്രെയിൻ കയറാൻ. സ്റ്റേഷൻ പൂട്ടിയതിനെതിരെ വെള്ളിയാഴ്ച സർവകക്ഷി യോഗം ചേർന്ന് ഭാവിപരിപാടികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചതായി മുതുതല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

