യു.എൻ വാട്ടർ സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളി അധ്യാപകന് ക്ഷണം
text_fieldsഷഫീഖ്
പട്ടാമ്പി: അബൂദബിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക ജല സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളി അധ്യാപകൻ പി.കെ.എം. ഷഫീഖിന് ക്ഷണം. യു.എ.ഇ യും സെനഗലും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഡിസംബർ എട്ട് മുതൽ 10 വരെ അബുദബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നടക്കുന്നത്. എവരി ഫ്യൂച്ചർ ഫ്ലോസ് ഫ്രം വാട്ടർ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം.
ജലസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ജലമേഖലയിലെ നിക്ഷേപങ്ങൾ തുടങ്ങി ആറ് പ്രധാന വിഷയങ്ങളിൽ സംവാദങ്ങൾ നടക്കും. യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ ലി ജുൻഹുവയാണ് സമ്മേളനത്തിന്റെ സെക്രട്ടറി ജനറൽ.
നയതന്ത്രജ്ഞർക്കും രാഷ്ട്രത്തലവന്മാർക്കും പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തകർ, യുവജനങ്ങൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവർക്ക് തങ്ങളുടെ ആശയങ്ങളും പ്രാദേശിക അനുഭവങ്ങളും പങ്കുവെക്കാൻ യു.എൻ ഒരുക്കുന്ന പ്രത്യേക വേദിയിൽ അക്കാദമിക് വിഭാഗത്തിലാണ് ഷഫീഖ് പങ്കെടുക്കുന്നത്. കേരളത്തിന്റെ തനതായ ജലസംരക്ഷണ രീതികളും പാഠ്യപദ്ധതിയിലെ ജലസാക്ഷരത പ്രവർത്തനങ്ങളും ആഗോള പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. പ്രഭാഷകനും എഴുത്തുകാരനുമായ ഷഫീഖ് തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയും മണ്ണേങ്ങോട് എ.യു.പി സ്കൂൾ അധ്യാപകനും മുസ്‌ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. അധ്യാപികയായ ഷിറിൻ ഷറഫ് ഭാര്യയും ആത്തിഫ് മുഹമ്മദ് മകനുമാണ്.
പുല്ലാനിക്കാട്ടിൽ പരേതരായ മുഹമ്മദ് കുട്ടി -കദീജ ദമ്പതികളുടെ മകനാണ്.

