കേരള ഗെയിംസ്: ഫോട്ടോ വണ്ടി പാലക്കാട്ടെത്തി
text_fieldsപാലക്കാട് നഗരത്തിൽ ഫോട്ടോ വണ്ടിക്കുള്ള സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത വി.കെ. ശ്രീകണ്ഠൻ എം.പി ചിത്രങ്ങൾ കാണുന്നു
പാലക്കാട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടി പാലക്കാട് നഗരത്തിലെത്തി. കായികകേരളത്തിന്റെ അതുല്യ പ്രതിഭകളെയും അമൂല്യമുഹൂർത്തങ്ങളും അവതരിപ്പിക്കുന്നതാണ് പ്രദർശനം. കായികകേരളത്തിന്റെ തലതൊട്ടപ്പനായ കേണൽ ഗോദവർമ രാജ മുതൽ പുതുതലമുറക്കാരെ വരെ അവതരിപ്പിക്കുന്നുണ്ട് പ്രദർശനത്തിൽ.
ബുധനാഴ്ച രാവിലെ ഷൊർണൂരിൽനിന്ന് പ്രയാണമാരംഭിച്ച് വൈകീട്ട് പാലക്കാട് കോട്ട പരിസരത്തെത്തിയ ഫോട്ടോ വണ്ടിക്ക് നൽകിയ സ്വീകരണം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കേരള കായിക ചരിത്രത്തിൽ പാലക്കാടിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും അതിനുള്ള ഒരുക്കമാകട്ടെ ഒളിംപിക് അസോസിയേഷന്റെ ഉദ്യമമെന്നും ആശംസിച്ചു. ജില്ല ഒളിംപിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ. ബൈജു, പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർ സംസാരിച്ചു.