കൂട്ടിയും കിഴിച്ചും വിജയ പ്രതീക്ഷ പങ്കിട്ട് മുന്നണികൾ
text_fieldsപാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണി ക്യാമ്പുകളിൽ പോളിങ് ശതമാനം വിലയിരുത്തലും കണക്കുകൂട്ടലും പൊടിപൊടിക്കുകയാണ്.
നിലവിലുള്ള കുത്തക നിലനിർത്തി സീറ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. 2016നെക്കാൾ മണ്ഡലങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കി എൽ.ഡി.എഫിെൻറ കുത്തക അവസാനിപ്പിക്കുമെന്ന് വോട്ടെടുപ്പ് പൂർത്തിയായശേഷം യു.ഡി.എഫ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.
ജില്ലയിൽ അക്കൗണ്ട് തുടങ്ങാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി-എൻ.ഡി.എ കേന്ദ്രങ്ങൾ. എന്നാൽ, ജില്ലയിൽ 2016നെക്കാൾ വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവ് ആർക്ക് ഗുണകരമാകുമെന്ന ആകാംക്ഷയിലാണ് മൂന്ന് മുന്നണികളും.
76.20 ശതമാനമാണ് ജില്ലയിലെ വോട്ടിങ്ങ്. 5.13 ലക്ഷം ആളുകൾ ഈ പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 22,94,739 വോട്ടർമാരാണ് ജില്ലയിലുള്ളത്. 2016നെക്കാൾ 1,02,830 വോട്ടർമാരുടെ വർധനവാണ് 2021ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളത്. ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും വോട്ടിങ് ശതമാനം ഉയരാത്തത് ആർക്ക് അനൂകൂലമാകുമെന്ന വിലയിരുത്തലാണ് അണിയറയിൽ നടക്കുന്നത്.
ഷൊർണൂർ മണ്ഡലത്തിൽ മാത്രമാണ് നേരിയ വർധനവുണ്ടായിട്ടുള്ളത്. 2016ൽ 76.33 ശതമാനം ആയിരുന്ന വോട്ടിങ് 2021ൽ 76.44 ആയി ഉയർന്നു.
ശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് പ്രതീക്ഷിക്കുന്ന പാലക്കാടും മലമ്പുഴയിലും വോട്ടിങ് ശതമാനത്തിൽ കുറവ് വന്നിട്ടുണ്ട്. പാലക്കാട്ട് 3.54ഉം മലമ്പുഴയിൽ 3.7ഉം ശതമാനമാണ് 2016നെക്കാൾ ഈ തെരഞ്ഞെടുപ്പിൽ കുറവ് വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

