നിപ; അതി ജാഗ്രതയിൽ കരിമ്പുഴയും തച്ചനാട്ടുകരയും
text_fieldsനിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും
പങ്കെടുത്ത യോഗത്തിൽ കരിമ്പുഴ പ്രസിഡന്റ് കെ.എം.ഹനീഫ സംസാരിക്കുന്നു
ശ്രീകൃഷ്ണപുരം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിപ രോഗസാധ്യതയുള്ളവർ ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ കിഴക്കും പുറത്ത് നിപ സ്ഥിരീകരിച്ചതോടെ പകർച്ച തടയുന്നതിനായി സമീപ പഞ്ചായത്തായ കരിമ്പുഴ നടപടികൾ തുടങ്ങി.
തച്ചനാട്ടുകര പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി പതിനേഴാം വാർഡും, ചോലകുർശ്ശി 18ാം വാർഡും പൂർണമായും അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി.
രണ്ടു വാർഡുകളിൽ നിന്നും പുറത്തു പോവാനോ, പുറത്തുനിന്ന് വാർഡുകളിലേക്ക് വരാനോ പാടില്ല. വാർഡിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യണം. രണ്ടു വാർഡുകളിലെ 845 വീടുകളിലും ആരോഗ്യവകുപ്പ് അഞ്ച്, ആറ്, ഏഴ് തിയതികളിൽ പരിശോധന നടത്തും. 12 ഗ്രൂപ്പുകളായി മൂന്നു ദിവസങ്ങളിൽ നടത്തുന്ന പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടറോ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോ നേതൃത്വം നൽകും.
രാവിലെ ഏഴോടെ തുടങ്ങുന്ന പരിശോധന ഉച്ചക്ക് 12ന് അവസാനിപ്പിച്ച് വൈകീട്ട് അഞ്ചിന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. വാർഡുകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യവകുപ്പിന് വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു. പനി വന്ന ഉടൻ ശ്വാസം മുട്ട്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക പരിഗണന നൽകി പരിചരിക്കും.
കാര്യമായ അസുഖങ്ങൾ ഇല്ലാതെ പെട്ടെന്ന് ചത്ത വളര്‍ത്തു മൃഗങ്ങളെ കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങാനും, മൈക്ക് ഉപയോഗിച്ച് വിളംബരം നടത്താനും, പോസ്റ്ററുകൾ പ്രചരിപ്പിക്കാനും തീരുമാനമായി. യോഗത്തിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അനസ് പൊമ്പ്ര, മുൻ പ്രസിഡന്റ് ഉമ്മർ കുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ എം മോഹനൻ മാസ്റ്റർ, ഫസീല നൗഷാദ്, നിഷാ രാമൻ, പ്രഭാവതി, ലക്ഷ്മി കുട്ടൻ, ഇ.പി. ബഷീർ, മെഡിക്കൽ ഓഫിസർ ഡോ. ഭരത് സത്യൻ, ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ്, വെറ്ററിനറി ഓഫിസർ ഡോ.രേഷ്മ, വള്ളുവനാട് മെഡിക്കൽ സെന്ററിലെ ഡോ.അധിരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എ. ഷൗക്കത്തലി, കൃഷിവകുപ്പ് ജീവനക്കാരായ ആർ. റാണി പ്രിയ, എം. മുസ്തലി, ബീറ്റ് വനം വകുപ്പ് ഓഫിസർ കെ.കെ. പ്രഭാത്, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് സി.പി. സാദിഖ്, കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
കർശന നിരീക്ഷണത്തിൽ നാലു വാർഡുകൾ
തച്ചനാട്ടുകര: വാർഡ് ഏഴ് കുണ്ടൂർക്കുന്ന്, വാർഡ് എട്ട് പാലോട്, വാർഡ് ഒൻപത് പാറമ്മൽ, വാർഡ് 11 ചാമപ്പറമ്പ് എന്നീ കണ്ടെയ്ൻമെന്റ് സോണുകൾ കർശന നിരീക്ഷണത്തിലാണ്. ഈ വാർഡുകളിൽ ഉൾപ്പെട്ട രണ്ട് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്ക് പുറമെ പൊലീസും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
അലനല്ലൂർ ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ തച്ചനാട്ടുകരയിലെ നാല് കണ്ടെയ്ൻമെന്റ് വാർഡുകളിൽ നിപ സർവേ നടത്തും. കഴിഞ്ഞ രണ്ടു മാസത്തിനകം സമാനമായ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരെയും മറ്റും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. 70 പേരടങ്ങുന്ന ആരോഗ്യ പ്രവർത്തകരെ ടീമുകളായി തിരിച്ച് ഓരോ ടീമും 30 വീടുകൾ എന്ന തോതിലാണ് ഗൃഹ സന്ദർശനം അടക്കമുള്ളവ നടത്തുക.
പൊലീസ് വ്യാപാരി വ്യവസായികൾ, വിവിധ രാഷ്ട്രീയ കക്ഷികൾ ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ മൈക്കിലൂടെയുള്ള പരസ്യ പ്രചാരണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ക്വാറന്റൈനിൽ ഉള്ളവരെ നിരന്തരം ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി ആരോഗ്യ പ്രവർത്തകരെയും, നിയോഗിക്കപ്പെട്ട ആളുകളെയും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

