കാഞ്ഞിരത്തും വർമംകോടും ഇനി പുതിയ പാലങ്ങൾ പ്രാരംഭ പ്രവൃത്തിക്ക് തുടക്കം
text_fieldsകാഞ്ഞിരപ്പുഴ: ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി കാഞ്ഞിരത്തും വർമംകോടും പുതിയ പാലങ്ങൾ നിർമിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. റോഡ് പുനർനിർമാണത്തിന് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഈ രണ്ട് പാലങ്ങളും പൊളിച്ചുപണിയുന്നത്.
നിർമാണത്തിന് കാഞ്ഞിരംപാലം പൊളിച്ചു തുടങ്ങി. ജലസേചന കനാലിനു മുകളിൽ നിർമിച്ച 50 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് പൊളിച്ചു തുടങ്ങിയത്. റോഡിന്റെ ഇരുഭാഗത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
മണ്ണുമാന്തി അടക്കം യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു നീക്കൽ. ഒരാഴ്ച കൊണ്ടു പാലം പൂർണമായും പൊളിക്കും. തുടർന്നു പുതിയ പാലം നിർമാണം ആരംഭിക്കും. കൂട്ടത്തിൽ വർമംകോട് പാലവും പുതുതായി നിർമിക്കും. 15 മീറ്റർ നീളമാണ് പുതിയ പാലത്തിന് ഉണ്ടാവുക. ഏഴര മീറ്റർ പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും നിർമിക്കും. ഏറ്റവും ആധുനിക രീതിയിലുള്ള പാലമാണ് നിർമിക്കുക. ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ പാതയിൽ പുതിയ പാലം വരുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടും.
കാലാവസ്ഥ അനുകൂലമായാൽ ഒന്നര മാസത്തിനുള്ളിൽ പുതിയ പാലം നിർമിക്കുമെന്ന് അധികൃതർ പറഞ്ഞു. പാലം പൊളിക്കുന്നതിനു മുന്നോടിയായി ജനങ്ങളുടെ കാൽനട യാത്രക്കായി താൽക്കാലിക നടപ്പാലം സ്ഥാപിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർ ഈ പാലം ഉപയോഗിക്കുന്നുണ്ട്. കാഞ്ഞിരംപാലം നിർമാണം കഴിഞ്ഞശേഷം വർമംകോടുളള പാലവും പൊളിച്ചു നീക്കും. അതുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

