കനകരാജ്: വിട പറഞ്ഞത് വായന തപസ്യയാക്കിയ എഴുത്തുകാരൻ
text_fieldsപത്തിരിപ്പാല: മൂന്നു പതിറ്റാണ്ടിലേറെയായി വായന തപസ്യയാക്കിയ എഴുത്തുകാരൻ കനകരാജ് ഓർമയായി. ചെറുപ്രായത്തിൽതന്നെ വായനയും എഴുത്തും പുസ്തകശേഖരണവും കനകരാജിന്റെ ഹോബിയായി മാറിയിരുന്നു. മൂന്ന് സെന്റ് ഭൂമിയിലെ തകർന്നു വീഴാറായ ഓട്ടുപുരക്കകത്ത് മുഴുവനും ഇദ്ദേഹത്തിന്റെ പുസ്തകശേഖരണമാണ്. 3000ത്തോളം പുസ്തകങ്ങൾ വീട്ടിനകത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മാധ്യമം ഉൾപ്പെടെ പത്രങ്ങളുടെ പഴയ കോപ്പികളും ശേഖരത്തിലുണ്ട്.
മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഇവിടെയുണ്ട്. വിവിധ കമ്പനികളുടെ നൂറോളം പേനകളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതി. ചോർന്നൊലിക്കുന്ന വീട്ടിൽ പോലും പുസ്തകങ്ങൾ നനയാതെ സൂക്ഷിക്കുന്നതിൽ പ്രധാന ശ്രദ്ധ ചെലുത്തിയിരുന്നു. സുകുമാർ അഴീക്കോട്, എ.പി. ഉദയഭാനു, എം.എൻ. വിജയൻ എന്നിവരുമായി അടുപ്പമുണ്ട്. മങ്കര ഗ്രാമ പഞ്ചായത്തിൽനിന്ന് വർഷത്തിലൊരിക്കൽ പുറത്തിറങ്ങുന്ന ഗ്രാമ ധ്വനി പത്രത്തിന്റെ എഡിറ്റർ കൂടിയാണ് കനകരാജ്.
കാളികാവ് ക്ഷേത്രത്തിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം അഗളിയിലെ ബന്ധുവീട്ടിൽ വിരുന്ന് പോയിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. വൈകീട്ടോടെ മൃതദേഹം മങ്കരയിലെ പുറയത്ത് വീട്ടിലെത്തിച്ചു.
മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് വീട്ടിലെത്തി റീത്ത് സമർപ്പിച്ചു. എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കാളികാവ് ക്ഷേത്ര ഭരണ സമിതിയംഗങ്ങൾ എന്നിവർ വീട്ടിലെത്തി അനുശോചിച്ചു. വൈകീട്ടോടെ കാളികാവ് ശ്മശാനത്തിൽ സംസ്കാരം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

