തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി കൽമണ്ഡപം
text_fieldsകൽമണ്ഡപം-പനങ്കളം റോഡിൽ വിഹരിക്കുന്ന തെരുവുനായ്ക്കൾ
പാലക്കാട്: കൽമണ്ഡപം മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിഭ നഗർ കോളനിയിൽ മാത്രം രണ്ട് കുട്ടികൾ തെരുവുനായ ആക്രമണത്തിന് ഇരയായി. കൽമണ്ഡപം കനാൽ റോഡ്, നെഹ്റു കോളനി, ന്യൂകോളനി, ചിറക്കാട്, പനങ്കളം, ചെമ്പലോട് എന്നിവിടങ്ങളെല്ലാം തെരുവുനായ് ശല്യം രൂക്ഷമാണ്. ഇതോടെ പുറത്തിറങ്ങാൻ പോലും നാട്ടുകാർ ഭയക്കുന്ന സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ പോകുമ്പോൾ നായ്ക്കൾ കുരച്ച് പുറകെ ഓടുന്നതും രാത്രികളിൽ പെട്ടെന്ന് കുറുകെ ചാടുന്നതും ഇവിടെ പതിവാണ്.
ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പാലക്കാട് നഗരസഭയുടെയും മരുതറോഡ് പഞ്ചായത്തിന്റെയും പരിധിയിലാണ് ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. ആയതിനാൽ ഇവിടങ്ങളിലെ തെരുവുനായ് ശല്യത്തിന് ഇരു തദ്ദേശസ്ഥാപനങ്ങളുമാണ് പരിഹാരം കാണേണ്ടത്. തെരുവുനായ് ശല്യം വർധിച്ചതോടെ പ്രഭാതസവാരിക്കാരും മദ്റസയിൽ പോകുന്ന കുട്ടികളും ഭീതിയിലാണ്.
തെരുവുനായ് വന്ധ്യംകരണം പദ്ധതി കാര്യക്ഷമമല്ലാത്തതും പൊതുനിരത്തുകളിൽ അക്രമകാരികളായ നായ്ക്കളെ തദ്ദേശസ്ഥാപനങ്ങൾ പിടികൂടാത്തതുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. രണ്ട് കുട്ടികൾക്ക് തെരുവുനായുടെ കടിയേറ്റിട്ടും ഇപ്പോഴും ഈ മേഖലയിൽ നായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. ഇവക്കെതിരെ പഞ്ചായത്തോ നഗരസഭയോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കൽമണ്ഡപം മേഖലകളിൽ ജീവന് ഭീഷണിയാകുന്ന തെരുവുനായ് ശല്യത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

