കാട്ടാനകൾ നാട്ടിൽ; മലയോര കർഷകരുടെ ജീവിതം തുലാസിൽ
text_fieldsമീൻവല്ലത്തെ വാഴകൃഷി വെട്ടി നശിപ്പിച്ച നിലയിൽ
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ സഹികെട്ട് വാഴകൃഷി വെട്ടിനീക്കി. മൂന്നേക്കറിന് സമീപം മീൻവല്ലം ഭാഗത്താണ് രണ്ടാഴ്ചമായി രാത്രിയാൽ തീറ്റ തേടി കാടിറങ്ങുന്ന ഒറ്റയാൻ കൃഷി നശിപ്പിക്കുന്നത് തുടരുന്നത്.
പേടി കാരണം തോട്ടങ്ങളിൽ ടാപ്പിങിനും മറ്റ് തൊഴിലുകൾക്കും ആളുകൾ പോകാൻ മടിക്കുകയാണ്. സന്ധ്യയായാൽ വീട്ടിന് പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുന്നു.
ഏത് സമയവും കാട്ടാനകൾ വീട്ടുപടിക്കലോ കൃഷിയിടത്തിലോ എത്താമെന്നാണ് സ്ഥിതി. കാട്ടാനയെ ഭയന്ന് ഞായറാഴ്ച മൂന്നേക്കർ മീൻവല്ലത്തെ പാട്ടഭൂമിയിലെ 2000 മൂപ്പെത്തിയ വാഴകൾ കർഷകൻ തച്ചൊടി രമേശ് വെട്ടിമാറ്റി. വാഴയും സമാന വിളകളും തേടി കാട്ടാനകൾ ജനവാസ മേഖലയിൽത്തന്നെ തമ്പടിക്കുന്നത് ഒഴിവാക്കാനാണ് നല്ലൊരു തുക മുടക്കി ആരംഭിച്ച വാഴകൃഷി വൻ നഷ്ടം സഹിച്ചും ഒഴിവാക്കിയതെന്ന് രമേശ് പറഞ്ഞു.
തുപ്പനാട് പുഴയോര പ്രദേശമാണിത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ സൗരോർജ്ജ തൂക്കുവേലി ഉണ്ടെങ്കിലും അവയെല്ലാം തട്ടിമാറ്റിയാണ് കാട്ടാനയിറങ്ങുന്നത്. പരമ്പരാഗത വന്യമൃഗ പ്രതിരോധ രീതികൾ ഒട്ടും ഫലപ്രദമല്ല. കാട്ടാനശല്യ ബാധിത പ്രദേശങ്ങളിൽ ദ്രുത പ്രതികരണ സംഘത്തിന്റെ സേവനം ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.