തുപ്പനാട് പാലം തുറന്നു
text_fieldsദേശീയപാതയിൽ പുതുതായി നിർമിച്ച തുപ്പനാട് പാലം
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ പുതുതായി നിർമിച്ച തുപ്പനാട് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേശീയപാത നവീകരണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലം നിർമിച്ചത്. നൂറ്റാണ്ട് കാലം പഴക്കമുള്ള പഴയ പാലത്തിന്റെ കരിങ്കൽ തൂണുകൾ പൊളിച്ച് മാറ്റിയാണ് മൂന്നരവർഷം മുമ്പ് പുതിയതിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്.
16 മീറ്റർ വീതിയും രണ്ടടി നടപ്പാതയും 11 മീറ്റർ പാതയുമുള്ള പാലമാണ് നിർമാണം പൂർത്തിയായത്. ഒന്നര വർഷം മുമ്പ് പാലത്തിന്റെ തൂണുകളുടെയും ബീമുകളുടെയും പ്രവൃത്തി പൂർത്തിയായി. അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പു വൈകിയതാണ് അനുബന്ധ പ്രവൃത്തികൾ വൈകിയത്. ഇതിനകം ചൂരിയോട്, കല്ലടിക്കോട് കനാൽ ജങ്ഷൻ എന്നീ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുണ്ട്.
തുപ്പനാട് പഴയപാലം അതേപടി നിലനിർത്തും. താണാവ്-നാട്ടുകൽ ദേശീയ പാതയിൽ ഒമ്പത് ചെറു പാലങ്ങളും മൂന്ന് മേജർ പാലങ്ങളുമാണുള്ളത്. ചൂരിയോട് പാലത്തിന്റെ കൈവരികളും വേലിക്കാട് പാലത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ദേശീയപാതയിലെ മുഴുവൻ പാലങ്ങളും ഗതാഗതത്തിന് ഒരുങ്ങിയതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിനും ഒരു പരിധി വരെ അറുതിയാവും.പനയമ്പാടത്തിനും കല്ലടിക്കോടിനും ഇടയിലുള്ള പ്രധാന വളവും ഇല്ലാതായി.