ആനപ്പേടിയകലാതെ നാട്; മൂന്നേക്കറിൽ 15ഓളം തെങ്ങുകൾ ഒറ്റരാത്രിയിൽ നശിപ്പിച്ചു
text_fieldsമൂന്നേക്കറിൽ കാട്ടാന നശിപ്പിച്ച തെങ്ങ്
കല്ലടിക്കോട്: മലയോര മേഖലയിലെ മൂന്നേക്കറിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. വെള്ളിയാഴ്ച പുലർച്ചെ തുടിക്കോട് കൈതവളപ്പിൽ ഗോപിനാഥന്റെ സ്ഥലത്തും കാട്ടാന ഇറങ്ങി 15 ഓളം തെങ്ങുകളാണ് ഒറ്റ രാത്രിയിൽ നിശ്ശേഷം നശിപ്പിച്ചത്. ഇരുമ്പുതൂണുകൾ നാട്ടി മൂന്ന് നിര കമ്പികൾ വലിച്ച് ശക്തമായ വൈദ്യുത പ്രതിരോധ വേലി തീർത്തയിടത്താണ് കാട്ടാന ഇറങ്ങി നാശം വിതച്ചത്. മീൻവല്ലം, മണലിൽ, തുടിക്കോട് പ്രദേശങ്ങളിലാണ് കാട്ടാനകൾ ജനവാസ സ്ഥലത്ത് ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായത്. വൈദ്യുത വേലി തകർത്ത ശേഷമാണ് കാട്ടാനകൾ ഈ സ്ഥലത്തിലേക്ക് കടന്നത്. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ വനാതിർത്തികളിലെ ആനത്താരകകളിൽ റെയിൽ ഫെൻസിങ് പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം തുടിക്കോട് പ്രദേശത്ത് അർച്ചനയിൽ രാകേഷ്, ലക്ഷ്മി നിവാസിൽ നാരായണൻ, ശാസ്താ ഗോപിനാഥൻ, മുന്നേക്കർ ചെറുപറമ്പിൽ കുര്യൻ തുടങ്ങിയവരുടെ തോട്ടങ്ങളിലും കാട്ടാനകൾ കൂടുതൽ ഫലവൃക്ഷങ്ങൾ നശിപ്പിച്ചിട്ടുണ്ട്. 200ലധികം കമുകുകളാണ് ഒറ്റ ദിവസം തന്നെ നശിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് അംഗം കെ.ബി. സുമലത വിവരമറിയിച്ചത് പ്രകാരം കൃഷി വകുപ്പ് അധികൃതരും വനപാലകരും സ്ഥലം സന്ദർശിച്ച് കൃഷിനാശവും കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും വിലയിരുത്തി. വന്യ മൃഗശല്യം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം സുമലത ആവശ്യപ്പെട്ടു.
ധോണി ജനവാസമേഖലയിൽ മൂന്ന് കാട്ടാനകൾ
അകത്തേത്തറ: ധോണി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിർത്തി. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ധോണി മായാപുരം ഭാഗത്താണ് മൂന്ന് കാട്ടാനകൾ ഇറങ്ങിയത്. ധോണി മായപുരത്തെ ക്വാറിയുടെ പിൻഭാഗത്തെ പ്രതിരോധവേലി തകർത്ത് സെന്റ് തോമസ് നഗറിലെ നാട്ടുപാതയിലേക്ക് പ്രവേശിച്ച കാട്ടാനകൾ ജനവാസ മേഖലയിൽ ദീർഘനേരം നടന്നുനീങ്ങി ക്വാറി ഭാഗത്തേക്കാണ് പോയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ക്വാറി ഭാഗത്തേക്ക് പോയ കാട്ടാന ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ പ്രദേശവാസികൾ കൂട്ടത്തോടെ ടോർച്ചുമായി കാട്ടാനകളെ നിരീക്ഷിക്കുന്നതിനിടയിൽ ഇവ പഴമ്പുള്ളി ഭാഗത്തേക്ക് നീങ്ങിയതായി സൂചനയുണ്ട്. ഉൾനാടൻ പാതകളിൽ കാട്ടാനക്കൂട്ടം തെറ്റി വരാനുള്ള സാധ്യതയും ജനങ്ങളിൽ ആശങ്ക പടർത്തുന്നു. പ്രദേശവാസികൾ കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് തുരത്താൻ ദ്രുത പ്രതികരണ സംഘത്തിന്റെയും വനപാലകരുടെയും സഹായം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

