‘കൈവല്യ’ ധനസഹായം; ജില്ലയിലെ പദ്ധതി നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം
text_fieldsപാലക്കാട്: ഭിന്നശേഷിക്കാർക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാപദ്ധതിയുടെ ജില്ലയിലെ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം. 2025 ജനുവരി ഒന്നുമുതൽ പദ്ധതിയിലേക്ക് 84 അപേക്ഷകൾ ലഭിച്ചിട്ടും ഒരാൾക്ക് പോലും വായ്പയോ ധനസഹായമോ അനുവദിച്ചിട്ടില്ലെന്ന വിവരാവകാശ രേഖയിലെ കണക്ക് ഗൗരവമായി പരിശോധിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി ആവശ്യപ്പെട്ടു. കൽപാത്തി സ്വദേശി അബ്ദുൽ മുത്തലീഫ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ജില്ല എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിലാണ് പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. 2025 ജനുവരി ഒന്നുമുതൽ കൈവല്യ പദ്ധതിയിലേക്ക് 84 അപേക്ഷകൾ ലഭിച്ചെങ്കിലും ഒരു അപേക്ഷകനും വായ്പയോ അനുബന്ധ ധനസഹായമോ ലഭിച്ചിട്ടില്ലെന്നാണ് രേഖ വ്യക്തമാക്കുന്നത്.
ഭിന്നശേഷിക്കാരുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ ഇത്രയും അപേക്ഷകൾ ലഭിച്ചിട്ടും ഒരു ഗുണഭോക്താവിന് പോലും സഹായം ലഭിക്കാത്തത് സാധാരണ നടപടിക്രമ കാലതാമസമായി കാണാനാവില്ലെന്ന് വിളയോടി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ അർഹരായവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന തരത്തിൽ നടപ്പാക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടെങ്കിൽ കണ്ടെത്താൻ ജില്ലതലത്തിൽ പ്രത്യേക പരിശോധന നടത്തണം. നിലവിൽ ലഭിച്ച 84 അപേക്ഷകളും പരിശോധിച്ച് അർഹരായവരെ കണ്ടെത്തുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി അടിയന്തരമായി വായ്പയും സബ്സിഡിയും അനുവദിക്കണമെന്നും വിളയോടി ശിവൻകുട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

