കാഡ കനാൽ തകർച്ച പരിഹരിച്ചില്ല; 35 ഏക്കർ നെൽകൃഷി ഉണങ്ങി
text_fields1. തകർന്ന കാഡ കനാൽ 2. വെള്ളമില്ലാതെ ഉണങ്ങിയ പാട്ടചിറ കണ്ടൻകുട്ടിയുടെ പാടശേഖരം
പുതുനഗരം: കാഡ കനാൽ തകർച്ച പരിഹരിക്കാത്തതോടെ 35 ഏക്കർ നെൽപാടം പൂർണമായും ഉണങ്ങി. പാട്ടച്ചിറ പ്രദേശത്താണ് വെള്ളമെത്താത്തതിനാൽ നെൽകൃഷി ഉണങ്ങിയത്. മൂലത്തറ കനാൽ തകർച്ച പരിഹരിക്കാത്തതിനാൽ ആറുവർഷമായി പാട്ടച്ചിറ ഭാഗത്തെ കർഷകരുടെ ദുരവസ്ഥക്ക് മാറ്റമില്ല. അത്തിയമ്പാടം പാടശേഖര സമിതിയിലുള്ള പാട്ടചിറ ഭാഗത്തേക്ക് മൂലത്തറ ഇടതുകര കനാൽ വഴിയാണ് ജലസേചനത്തിനുള്ള വെള്ളം എത്തേണ്ടത്. എന്നാൽ തത്തമംഗലം പെൻകോസ് ഭാഗത്തെ കാഡ കനാലുകൾ തകർന്നതോടെയാണ് ഇവിടേക്ക് ജലസേചനം ലഭിക്കാതായത്.
കർഷകർ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നാം വിളവിറക്കലിൽ മഴ ലഭിച്ചതിനാൽ പ്രതിസന്ധിയില്ലാതെ കടന്നുപോയതായും കനാൽ തകർന്നതിനാൽ രണ്ടാം വിളക്ക് കിണർ, കുളം എന്നിവയാണ് ഉപയോഗിക്കുന്നതെന്നും കർഷകർ പറഞ്ഞു. പ്രാദേശിക ജലസ്രോതസ്സുകൾ വറ്റിവരണ്ട കർഷകരെയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ചൂട് വീണ്ടും വർധിച്ചാൽ സ്ഥിതി കൂടുതൽ ദുരിതത്തിലാകും. കാഡ കനാൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വരും വർഷങ്ങളിൽ രണ്ടാം വിള ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകനായ കണ്ടൻകുട്ടി പറയുന്നു.