തുടർവിദ്യാഭ്യാസത്തിൽ കുതിപ്പ്
text_fieldsകൊടുവായൂർ പഞ്ചായത്ത് ഒാഫിസിലെ സാക്ഷരത പഠിതാക്കൾ
പാലക്കാട്: ജില്ല സാക്ഷരത മിഷെൻറ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജില്ലയിൽ മുന്നേറ്റം. കഴിഞ്ഞ നാലുവർഷത്തിനിടെ പഠിതാക്കളുടെ എണ്ണം 1,08,807ൽ എത്തി. പഠനം മുടങ്ങിയവർക്കായി ആവിഷ്കരിച്ച വിവിധ തുല്യത പരിശീലനങ്ങൾ ജില്ലയിൽ കോവിഡ് കാലത്തും ഓൺലൈൻ സംവിധാനത്തിലൂടെ വിജയകരമായി തുടരുകയാണ്.
കഴിഞ്ഞ നാലുവർഷത്തിനിടയിൽ ജില്ലയിൽ നാലാംതരം തുല്യതക്ക് 7175 പഠിതാക്കളും ഏഴാംതരം തുല്യതക്ക് 4290 ആളുകളും പത്താംതരം തുല്യതക്ക് 13,326 പഠിതാക്കളും ഹയർ സെക്കൻഡറി തുല്യതക്ക് മൂന്ന് ബാച്ചുകളിലായി 10,445 ആളുകളും പഠനം പൂർത്തിയാക്കി.
ഇവർ തുടർ പഠനത്തിന് അർഹത നേടിയിട്ടുണ്ട്. തുല്യത പഠനത്തിലൂടെ ആദിവാസികൾ ഉൾെപ്പടെ നിരവധി ആളുകൾ ഇതിനകം സർക്കാർ ജോലിയിൽ പ്രവേശിച്ചു. സാക്ഷരത മിഷൻ നടപ്പാക്കിയ വിവിധ ഭാഷ സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി കോഴ്സുകളിലൂടെ 313 ആളുകൾ ഭാഷ പരിജ്ഞാനം നേടി.
കഴിഞ്ഞ നാലുവർഷത്തിനിടയിൽ സാക്ഷരത പ്രവർത്തനങ്ങളിലൂടെ 36,150 ആളുകൾ ജില്ലയിൽ പഠനം പൂർത്തിയാക്കി. 3000ൽപരം ആളുകൾ പഠനം തുടരുന്നു. അട്ടപ്പാടിയെ രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ ആദിവാസി ബ്ലോക്ക് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. 15 മുതൽ 90 വയസ്സുവരെയുള്ള പഠിതാക്കളെ സാക്ഷരത പ്രവർത്തനങ്ങളിലൂടെ കൈപിടിച്ചുയർത്താനായി.
ഇതര സംസ്ഥാനക്കാർക്ക് 'ചങ്ങാതി'
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരംഭിച്ച 'ചങ്ങാതി' പദ്ധതിയിലൂടെ പുതുശ്ശേരി, വാണിയംകുളം ഗ്രാമപഞ്ചായത്തുകളിലായി 131 ഇതര സംസ്ഥാനക്കാർ മലയാളം പഠിച്ചു. മൂന്നാംഘട്ടം മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചിട്ടുണ്ട്.
പിന്നാക്കം നിൽക്കുന്ന പട്ടികജാതി കോളനികളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'നവചേതന' പദ്ധതിയിൽ രണ്ട് ഘട്ടങ്ങളിലായി 20 കോളനികളിലുള്ള 370 ആളുകളെ സാക്ഷരരാക്കാനും 137 ആളുകളെ നാലാംതരം തുല്യത വിജയിപ്പിക്കാനും കഴിഞ്ഞു. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ പുതുതായി പത്ത് എസ്.സി കോളനികളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിച്ചു.
ആദിവാസി ഉൗരുകളിൽ 'സമഗ്ര'
അട്ടപ്പാടിക്ക് പുറമെയുള്ള ജില്ലയിലെ 25 ആദിവാസി ഉൗരുകളിൽ പ്രത്യേകമായി നടപ്പാക്കിയ സമഗ്ര പദ്ധതിയിലൂടെ 500 ആളുകളെ സാക്ഷരരാക്കി. 337 ആളുകൾ നാലാംതരം തുല്യത പരീക്ഷ വിജയിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ആവിഷ്കരിച്ച 'സമന്വയ' പദ്ധതിയിൽ ജില്ലയിൽ നാലുപേർ വിവിധ തുല്യത പരീക്ഷകളിലൂടെ വിജയം കൈവരിച്ചു. ജില്ല പഞ്ചായത്ത്, ജില്ല സാക്ഷരത സമിതി എന്നിവയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരും േപ്രരക്മാരും ചേർന്നുള്ള കൂട്ടായ്മയുടെ വിജയമാണ് ഉണ്ടായതെന്ന് ജില്ല സാക്ഷരത മിഷൻ കോഒാഡിേനറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

