ഗുരുക്കളില്ലാതെ പരിശീലനം, ഏകാഭിനയ റാണിയായി ജാൻവി
text_fieldsജാൻവി സുനന്ദ് (പാലക്കാട് കാണിക്കമാത എച്ച്.എസ്.എസ്)
ആലത്തൂർ: ഗുരുക്കളില്ലാതെ പഠിച്ചും പരിശീലിച്ചും ജാൻവി സുനന്ദ് യു.പി വിഭാഗം പെൺകുട്ടികളിൽ ഏകാഭിനയ റാണിയായി. 11 മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ മുണ്ടക്കയം ദുരന്തം കാണികളിലെത്തിച്ചാണ് പാലക്കാട് കാണിക്കമാതയിലെ ഏഴാം ക്ലാസുകാരി മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയത്. ദുരന്തമെടുത്ത നാട് കാണാൻ പരശുരാമൻ എത്തുന്നതും പ്രകൃതി ദേവിയുമായി സംവദിക്കുന്നതുമാണ് ജാൻവി വേദിക്ക് സമർപ്പിച്ചത്. മനുഷ്യന്റെ ആർത്തിയും പ്രകൃതി ചൂഷണവുമാണ് ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് സ്ഥാപിക്കുകയാണ് കലാകാരി.
സ്കൂളിൽ നിന്നും രക്ഷിതാക്കളിൽനിന്നും കിട്ടിയ പ്രോത്സാഹനവും പിന്തുണയും ഏകാഭിനയത്തോടുള്ള അഭിനിവേശവും ചേർന്നപ്പോൾ ജാൻവിയുടെ വർഷങ്ങളായുള്ള നിരന്തര ശ്രമമാണ് പൂവണിഞ്ഞത്. നാലു വർഷമായി മോണോ ആക്ടിൽ പങ്കെടുത്തുവരുന്ന ജാൻവി ആദ്യമാണ് ജില്ലതലത്തിൽ മത്സരിക്കുന്നത്. പ്രഫഷനൽ പരിശീലനം നേടിയവരെ പിന്നിലാക്കിയും ആദ്യ കാൽവെപ്പിൽ ഒന്നാം സ്ഥാനം നേടിയും ജാൻവി സ്വന്തമാക്കിയത് ഇരട്ടി മധുരമുള്ള വിജയം. പാലക്കാട് പി.വി.ആർ നഗറിലെ സുനന്ദ്- ജയ ദമ്പതികളുടെ ഇരട്ട മക്കളിലൊരുവളാണ് ജാൻവി സുനന്ദ്. കൂടപ്പിറപ്പ് സാൻവി സുനന്ദിനൊപ്പം അടുത്ത ദിവസം നൃത്തമത്സരത്തിൽ ചിലങ്ക കെട്ടുന്നുണ്ട് ജാൻവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

