200 കോടിയുടെ ജലസേചന നവീകരണ പദ്ധതി ‘കേര’; നെൽകർഷകർക്ക് പുതു പ്രതീക്ഷ
text_fieldsപാലക്കാട്: ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി മലമ്പുഴ ജലസേചന പദ്ധതിയുടെ ഇടത് കനാൽ സംവിധാനം നവീകരിക്കാൻ 200 കോടി രൂപ അനുവദിച്ചു. 1955ൽ തുടങ്ങിയ ഈ കനാൽ സംവിധാനത്തിന് ആദ്യമായാണ് ഇത്രയും വലിയ നവീകരണം ലഭിക്കുന്നത്.
മലമ്പുഴ ഇടത് പ്രധാന കനാൽ, തെരഞ്ഞെടുക്കപ്പെട്ട ശാഖാ കനാലുകൾ, വയലുകളിലേക്കുള്ള ഫീൽഡ് ചാനലുകൾ എന്നിവയുൾപ്പെടെ 130 കിലോമീറ്ററിലധികം നീളമുള്ള കനാൽ ശൃംഖല അറ്റകുറ്റപ്പണി നടത്തും. കനാലുകളുടെ ലൈനിങ്, റെഗുലേറ്ററുകളുടെയും ഷട്ടറുകളുടെയും അറ്റകുറ്റപ്പണി, മലിനജലം കനാലിലേക്ക് കലരുന്നത് തടയൽ, കെ.ഡബ്ല്യു.എ പൈപ്പുകളും കെ.എസ്.ഇ.ബി പോസ്റ്റുകളും പോലുള്ള തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നിവ നടക്കും. ഇതിന്റെ ഭാഗമായി മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് ആനുപാതികമായി 25,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന വനവത്കരണവും ‘കേര’പദ്ധതിയിൽ ഉൾപ്പെടും.
19 പഞ്ചായത്തുകളിലും പാലക്കാട് മുനിസിപ്പാലിറ്റിയിലുമായി 9,020 ഹെക്ടർ നെൽപാടങ്ങൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. വർഷങ്ങളായി വെള്ളം എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന വാലറ്റം പ്രദേശങ്ങളിലെ കർഷകർക്ക് ഇനി സ്ഥിരമായി വെള്ളം ലഭിക്കും. വെള്ളമില്ലാതെ തരിശായി കിടക്കുന്ന പാടങ്ങൾ വീണ്ടും കൃഷിയോഗ്യമാകും. പമ്പിങ് ചെലവ് കുറയും. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. ജലസംരക്ഷണത്തിലൂടെ ഭാവിയിൽ മൂന്നാം വിളയ്ക്കും സാധ്യതയുണ്ട്. നവീകരണത്തിലൂടെ ജലവിതരണ കാര്യക്ഷമത വർധിക്കുകയും വിളവ് മെച്ചപ്പെടുകയും ചെയ്യുന്നതോടെ കർഷകർക്ക് പ്രതിവർഷം 73.6 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

