വഴിമുട്ടി ജലസേചന കനാൽ നവീകരണം
text_fieldsകുഴൽമന്ദത്ത് കാടൂമൂടിയ ജലസേചന കനാൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു
പാലക്കാട്: ജലസേചന കനാലുകളുടെ അറ്റകുറ്റപ്പണിയിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഉപകനാലുകളുടെയും കാഡാചാലുകളുടെയും നവീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാറും വകുപ്പുകളും കൈമലർത്തിയതോടെ കനാൽ ശുചീകരണം കർഷകരുടെ ചുമലിലായി.
കാടുമൂടി കിടക്കുന്ന കനാലുകൾ വൃത്തിയാക്കിയില്ലെങ്കിൽ വയലുകളിൽ സമയബന്ധിതമായി ജലസേചനം നടത്താൻ കഴിയാതെ വരും. ഡാമുകളിൽനിന്ന് തുറക്കുന്ന പ്രധാന കനാലുകളുടെ നവീകരണം മാത്രമാണ് ജലസേചനവകുപ്പ് ആരംഭിച്ചിട്ടുള്ളത്. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകനാലുകളുടെയും കാഡാ കനാലുകളുടെയും നവീകരണത്തിൻ നിന്ന് ജലസേചന വകുപ്പ് ഒഴിഞ്ഞുമാറിയത്. ഇതോടെ മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടിൽ നിന്നുള്ള ജലം കനാലുകളുടെ വാലറ്റ പ്രദേശത്തുള്ള പാടശേഖരങ്ങളിലെത്തില്ലെന്ന് കർഷകർ പറഞ്ഞു.
രണ്ടാം വിളയ്ക്കുള്ള ജലസേചനം നവംബറിൽ ആരംഭിക്കേണ്ട സാഹചര്യത്തിൽ ജില്ലയിലെ മലമ്പുഴയടക്കമുള്ള ജലസേചന പദ്ധതികളുടെ ഉപകനാലുകൾ കാടുമൂടി കിടക്കുകയാണ്. ജില്ലയിലെ ഭൂരിഭാഗം നെൽവയലുകളും രണ്ടാം വിള ഡാമുകളിലെ ജലത്തെയാണ് ആശ്രയിക്കുന്നത്.
ബദൽ ഒരുക്കി പാടശേഖരസമിതി
പാലക്കാട്: കുഴൽമന്ദം ഇല്ലത്തുപാടം, ഇടക്കാട്-ചരപ്പറമ്പ് പാടശേഖരസമിതികൾ സംയുക്തമായി കനാലുകളിലെ മണ്ണും ചളിയും നീക്കൽ ആരംഭിച്ചു. കൃഷി വകുപ്പ് പാടശേഖരസമിതികൾക്ക് അനുവദിച്ച പ്രവർത്തന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് ഇവർ തങ്ങളുടെ പരിധിയിലെ 1500 മീറ്റർ നീളമുള്ള കാഡാ കനാൽ നവീകരിക്കുന്നത്. കാഡാ കനാൽ പൂർണമായി വൃത്തിയാക്കാൻ ഇപ്പോൾ സമിതികളുടെ കൈവശമുള്ള തുക കൊണ്ട് മാത്രം കഴിയില്ലെന്ന് ഭാരവാഹികളായ ഐ.സി. ബോസ്, ജി. ഉണ്ണികൃഷ്ണൻ, കെ. നാരായണൻ, പി. സ്വാമിനാഥൻ എന്നിവർ പറഞ്ഞു. ഈ സാഹചര്യത്തിൽ പാടശേഖര സമിതികൾക്കുള്ള പ്രവർത്തന ഫണ്ട് ഹെക്ടറിന് 360ൽനിന്ന് 1000 രൂപയാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

