അന്തര്‍ ജില്ല മോഷ്ടാക്കള്‍ അറസ്റ്റില്‍
text_fieldsകൂറ്റനാട്: ജില്ലയിലും ഇതര ജില്ലകളിലുമായി നിരവധി മോഷണ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍. ഷൊർണൂര്‍ കൈലിയാട് സ്വദേശി മണികണ്ഠന് (52), പട്ടാമ്പി വല്ലപ്പുഴ സ്വദേശി അര്‍സല്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തണ്ണീര്‍കോട് ക്ഷേത്രത്തില്‍നിന്ന് കഴിഞ്ഞദിവസം ഓട്ടുഉരുളിയും വിളക്കും ഉള്‍പ്പടെ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ചാലിശ്ശേരി സി.ഐ സതീഷ് കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അഗളിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. മോഷണവുമായി ബന്ധപ്പെട്ട് ഇവര്‍ അഗളിയിലാണ് താമസം. അവിടെനിന്ന് കാർ മാര്‍ഗം വന്നാണ് തൃത്താല മേഖലയിലെ തണ്ണീര്‍കോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയത്. മണികണ്ഠന് 16 വയസ്സ് മുതല്‍ മോഷണരംഗത്തുണ്ടെന്നും 12 കേസുകളില്‍ പ്രതിയാണന്നും സി.ഐ അറിയിച്ചു. പട്ടാമ്പി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

