ജില്ലയിൽ മുങ്ങിമരണങ്ങളിൽ കുത്തനെ വർധന
text_fieldsപാലക്കാട്: ജില്ലയിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു. കഴിഞ്ഞവർഷത്തെക്കാളും ഇരട്ടിയോളം പേരാണ് ഈ വർഷം ഏഴുമാസത്തിനിടെ പുഴകളിലും മറ്റ് ജലാശയങ്ങളിലും വീണ് മരണപ്പെട്ടത്. മഴക്കാലം കൂടി ആയതോടെ മുങ്ങിമരണങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 2024ൽ ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, ഷൊർണൂർ, മണ്ണാർക്കാട്, കഞ്ചിക്കോട്, കോങ്ങാട്, കൊല്ലങ്കോട്, പാലക്കാട്, പട്ടാമ്പി എന്നിങ്ങനെ 10 ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളുടെ കീഴിലായി ജില്ലയിലാകെ 66 പേരുടെ മുങ്ങിമരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വർഷം ജൂലെെ വരെയുള്ള കണക്കുപ്രകാരം 10 സ്റ്റേഷനുകൾക്ക് കീഴിലായി 62 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
പാലക്കാട് ഫയർ സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങളുണ്ടായിട്ടുള്ളത്-14 എണ്ണം. ഏറ്റവും കുറവ് കോങ്ങാട് ആണ്-രണ്ടെണ്ണം. ചിറ്റൂർ-ഏഴ്, ആലത്തൂർ-നാല്, വടക്കഞ്ചേരി-അഞ്ച്, ഷൊർണൂർ-10, മണ്ണാർക്കാട്-അഞ്ച്, കഞ്ചിക്കോട്-എട്ട്, കൊല്ലങ്കോട്-മൂന്ന്, പട്ടാമ്പി-നാല് എന്നിങ്ങനെയാണ് മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷവും പാലക്കാട് ആണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ ഉണ്ടായത്. ഇതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. കനത്ത മഴയിൽ പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലുമെല്ലാം ജലനിരപ്പ് വർധിച്ചത് ശ്രദ്ധിക്കാതെ മീൻ പിടിക്കാനും കുളിക്കാനും പോയവരാണ് കൂടുതലും അപകടങ്ങളിൽ പെട്ടിട്ടുള്ളത്.
ഡാമുകളിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെടുന്ന സംഭവങ്ങളും ഉണ്ട്. മഴയത്ത് ഒഴുക്കിന്റെ ശക്തി വർധിക്കുമെന്നതിനാൽ പുഴകളിലും മറ്റും ഇറങ്ങരുതെന്ന് അധികൃതർ നൽകുന്ന നിർദേശങ്ങൾ പലരും അവഗണിക്കുന്നതാണ് ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. കഴിഞ്ഞദിവസം നെന്മാറ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി രണ്ട് പേരെ ഒഴുക്കിൽ പെട്ട് കാണാതായിരുന്നു. ഇതിൽ നെന്മാറ സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തി. ഒറ്റപ്പാലത്ത് കാണാതായ മത്സ്യത്തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
‘അനാവശ്യമായി വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം’
മഴക്കാലത്ത് ജലനിരപ്പ് വർധിക്കുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. ഒഴുകി വരുന്ന തേങ്ങ പെറുക്കാൻ ഇറങ്ങുക, കുളിക്കാൻ ഇറങ്ങുക, വിനോദത്തിനായി മീൻ പിടിക്കാൻ പോകുക, പുഴകാണാൻ പോകുക തുടങ്ങിയ അനാവശ്യ സന്ദർഭങ്ങൾ ഈ സമയത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കുട്ടികളായാലും മുതിർന്നവരായാലും പരിചിതമല്ലാത്ത കുളങ്ങളിലും പുഴകളിലുമെല്ലാം ഇറങ്ങുമ്പോൾ നീന്തൽ അറിയുന്നവർക്ക് പോലും അപകടം സംഭവിക്കാൻ സാധ്യതയേറെയാണ്. അവധി ദിവസങ്ങളിൽ കുട്ടികൾ പുഴകളിൽ ഇറങ്ങുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണം. നീന്തൽ പഠിക്കാനും മറ്റുമായി പോകുന്നതാണെങ്കിലും പലപ്പോഴും ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. മുന്നറിയിപ്പ് നിർദേശങ്ങൾ പാലിക്കണം. -വി.കെ. ഋതീജ് (ഫയർ ആൻഡ് റെസ്ക്യൂ ജില്ല ഓഫിസർ)
ജാഗ്രത നിര്‍ദേശങ്ങള്‍
- ശക്തമായ മഴയില്‍ നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
- നീന്തല്‍ അറിയാത്ത കുട്ടികളായാലും മുതിര്‍ന്നവരായാലും വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.
- ജലാശയങ്ങള്‍ക്ക് മുകളിലുള്ള മേല്‍പ്പാലങ്ങളില്‍ സെല്‍ഫി എടുക്കുകയോ കാഴ്ച കാണുകയോ ചെയ്യുന്നത് ഒഴിവാക്കുക.
- ഉയര്‍ന്നതും വഴുവഴുപ്പുള്ളതുമായ പാറക്കെട്ടുകള്‍, ക്വാറികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെല്‍ഫി ഒഴിവാക്കുക.
- മഴക്കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
- കടത്ത് കടക്കുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കുകയും വഞ്ചിയില്‍ ലൈഫ് ബോയ കരുതുകയും വേണം.
- മഴ, അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ 101 ല്‍ വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

