പാലക്കാട് ജില്ലയിൽ 'പഠ്ന ലിഖ്ന അഭിയാന്' സാക്ഷരത പദ്ധതി നടപ്പാക്കുന്നു
text_fieldsപാലക്കാട്: ജില്ലയിൽ 'പഠ്ന ലിഖ്ന അഭിയാന്' പ്രത്യേക സാക്ഷരത പദ്ധതി നടപ്പാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗവും ശിൽപശാലയും കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന പ്രത്യേക സാക്ഷരത പദ്ധതിയാണ് 'പഠ്ന ലിഖ്ന അഭിയാന്'. പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
15 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടുലക്ഷം പേരെ സാക്ഷരരാക്കുകയാണ് പദ്ധതി ലക്ഷ്യം. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഗുണഭോക്താക്കളാക്കിയാണ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപവത്കരിച്ച് സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ സാക്ഷരത-തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, വിദ്യാർഥികള്‍, എന്‍.സി.ഇ.സി, എന്‍.എസ്.എസ്, എസ്.സി/ എസ്.ടി പ്രമോട്ടര്‍മാര്‍, നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ സംഘടിപ്പിച്ച്് ബഹുജന കാമ്പയിനായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതി പ്രകാരം എട്ടുമുതല്‍ 10 പഠിതാക്കള്‍ക്ക് ഒരു വളൻററി ടീച്ചറെന്ന രീതിയില്‍ പൂര്‍ണമായും സന്നദ്ധ പ്രവര്‍ത്തനമെന്ന നിലയിലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. സാക്ഷരത പ്രേരക്മാരാണ് പഞ്ചായത്തുകളില്‍ മുഖ്യസംഘാടകര്‍. സര്‍വേ, പരിശീലനം, അധ്യാപക പരിശീലനം, പഠനപ്രക്രിയ, പരീക്ഷ, മൂല്യനിര്‍ണയം എന്നിവ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. സാക്ഷരത മിഷന് തയാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. 120 മണിക്കൂര്‍ ക്ലാസാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

