പാലക്കാട് മെഡിക്കൽ കോളജിൽ സമരം തുടർന്ന് ഹൗസ് സർജന്മാർ
text_fieldsപാലക്കാട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിക്കുന്നു
പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്തതിനെ തുടർന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം തുടരുന്നു. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഒരു പ്രതിനിധിയെയും പിൻവലിച്ചതായി ഹൗസ് സർജന്മാർ പറഞ്ഞു. മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 10ന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചർച്ച നടത്തുന്നുണ്ടെന്നും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. സമരക്കാരുമായി ബുധനാഴ്ച എം.പി ചർച്ച നടത്തിയിരുന്നു. അത്യാഹിത വിഭാഗത്തിൽ എക്സ്റേ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഫാർമസിയിൽ മരുന്നുകൾ എന്നിവ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കും.
ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കാമെന്നും മരുന്നുകൾ എത്തിക്കാൻ ആരോഗ്യ വകുപ്പുമായി അടിയന്തിരമായി ബന്ധപ്പെടുമെന്നും എം.പി ചർച്ചയിൽ അറിയിച്ചു. എന്നാൽ, മന്ത്രി നേരിട്ടെത്തണമെന്നും നടപടികൾ രേഖാമൂലം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇത് കഴിയില്ലെന്ന് അറിയിച്ചതോടെ സമരം തുടരാനാണ് ഹൗസ് സർജന്മാരുടെ തീരുമാനം. വിഷയത്തിൽ ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഹൗസ് സര്ജന്മാര് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് പൂട്ടുകയും മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബി.ജെ.പി ഈസ്റ്റ് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മെഡിക്കല്‍ കോളജില്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ കോളജില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് പ്രശാന്ത് ശിവന് പറഞ്ഞു. തുടർന്ന് പാലക്കാട് മണ്ഡലം പ്രസിഡന്റ് എം. ശശികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ആര്.ജി. മിലന്, അശോക് പുത്തൂര്‍, എസ്.സി മോര്‍ച്ച ജില്ല ജനറൽ സെക്രട്ടറി ജി. ഗണേഷ്, മണ്ഡലം സെക്രട്ടറിമാരായ ആര്. ആറുമുഖന്‍, സി. മണികണ്ഠന്, സതീശന് വെണ്ണക്കര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കാമ്പസിനകത്ത് രണ്ട് ഹൗസ് സർജന്മാർ അപകടത്തിൽപെട്ട് പരിക്കേറ്റപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു.
ഇതേ തുടർന്നാണ് ഹൗസ് സർജന്മാരുടെ സംഘടനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

