പെരുങ്ങോട്ടുകുറുശ്ശി (പാലക്കാട്): ചൂലനൂരിൽ അർധരാത്രിയിൽ ശക്തമായ കാറ്റിൽ ഓടിട്ട വീട് തകർന്നു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയും മക്കളും പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
ചൂലനൂർ ശാരത് കുളമ്പ് കമലാക്ഷിയുടെ (64) 25 വർഷം പഴക്കമുള്ള ഓടിട്ട വീടാണ് തിങ്കളാഴ്ച പുലർച്ച മൂന്നിന് വൻശബ്ദത്തോടെ തകർന്നടിഞ്ഞത്. മേൽക്കൂര പൂർണമായും തകർന്നുവീണു.
വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡൻറുമായ കെ. രവീന്ദ്രനാഥ് സ്ഥലത്തെത്തി വിവരം തഹസിൽദാറെയും വില്ലേജ് അധികൃതരെയും അറിയിച്ചു. പുതിയ വീട് ലഭിക്കാൻ ഏർപ്പാടുകൾ ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു.